നവീൻ ബാബുവിന്റെ മരണം; കൈക്കൂലി വാങ്ങിയതാര്? സംശയമുന ഭരണകക്ഷി സര്‍വീസ് സംഘടനയിലേക്ക്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ പൊതുവേദിയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വഴിത്തിരിവ്. ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍പോലും കൈക്കൂലി വാങ്ങാത്തയാളെന്ന സല്‍പ്പേര് സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. അടുത്തവര്‍ഷം വിരമിക്കുന്നത് ജന്മനാട്ടില്‍ വച്ചാവണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതിനായി ഉന്നത ഉദ്യോഗസ്ഥരെയും വിവിധ സംഘടനാ നേതാക്കളെയും സമീപിച്ചങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ ഭരിക്കുന്ന പാർട്ടിയിലെ പ്രമുഖ സര്‍വിസ് സംഘടന സ്ഥലംമാറ്റത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആ തുക പെട്രോള്‍ പമ്പ് ഉടമ നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ എഡിഎം ജില്ലാ കലക്ടറെ ചേമ്പറില്‍ സന്ദര്‍ശിക്കുകയും തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്‌തെന്ന അരുണ്‍ കെ വിജയന്റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നു. യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ തലസ്ഥാനത്തെ ഉന്നതരെ ഇക്കാര്യം അറിയിച്ചിരുന്നു.

കലക്ടറുടെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡില്‍(സി.ഡി.ആര്‍) ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളുമുണ്ട്. പൊലിസിനുനല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കേസ് വലിയ വഴിത്തിരിവിലെത്തുമെന്നുറപ്പ്. എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പിപി ദിവ്യ പരസ്യമായി നവീന്‍ ബാബുവിനെ ആക്ഷേപിച്ചപ്പോള്‍ നിശബ്ദത പാലിച്ച കലക്ടര്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപെടാനാണ് ഇത്തരം ദുസൂചനകള്‍ നല്‍കുന്നതെന്നുമാണ് ഘടകകക്ഷിയിലെ പ്രമുഖനേതാവ് പ്രതികരിച്ചത്. കലക്ടര്‍ അരുണ്‍ കെ വിജയനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കി കൊടുത്തത് തങ്ങളാണെന്ന് ഭരണകക്ഷിയിലെ ഒരു പാർട്ടി നേതാവ് തുറന്നു സമ്മതിച്ചിരുന്നു. എന്നാൽ ഇതിനായി സംഭാവനയൊന്നും വാങ്ങിയിട്ടില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാരിലെ റവന്യു, കൃഷി മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ സ്ഥലം മാറ്റത്തിനായി വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയർന്നിരുന്നു. പ്രമോഷനും താൽക്കാലിക നിയമനത്തിനുമായി ലക്ഷങ്ങളാണ് കൈക്കുലി വാങ്ങുന്നത്. സർവീസ് സംഘടനകളിലെ നേതാക്കളാണ് ഇതിന് ഇട നിലക്കാരായി നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.












Click it and Unblock the Notifications