എന്‍ഡിഎയുടെ പ്രചാരണ സാമഗ്രികള്‍ ആസൂത്രിതമായി നശിപ്പിക്കുന്നു; അഡ്വ കെ ശ്രീകാന്ത്
കണ്ണൂര്‍: കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഉദ്യോഗസ്ഥ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി പ്രവര്‍ത്തകര്‍ എന്‍ഡിഎയുടെ പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് നേരെ വിവിധ സ്ഥലങ്ങളില്‍ അക്രമവും നടത്തുകയാണ്.
വളരെ ആസൂത്രിതമായാണ് ജില്ലയിലുടനീളം ഇടത്-വലത് മുന്നണികള്‍ എന്‍ഡിഎയ്‌ക്കെതിരെ അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാവണം. പ്രചരണബോര്‍ഡുകള്‍ നശിപ്പിക്കുക ,പുതിയ പ്രദേശങ്ങളിലടക്കം എന്‍ഡിഎയ്ക്കായി പുതിയ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമ്പോള്‍ ഭീഷണിപ്പെടുത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്നിവ നിര്‍ബാധം തുടരുകയാണ് ഇടത്-വലത് മുന്നണികള്‍.

അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണം. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണം നടത്തുന്ന സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും സംസ്ഥാനത്തെ സര്‍വ്വീസ് സംഘടനാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ആശാവര്‍ക്കര്‍മാരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുകയാണ് ഇരുകൂട്ടരും.
പോസ്റ്റല്‍ വോട്ടിന്റെ പേരില്‍ വ്യാപകമായി ഓപ്പണ്‍ വോട്ടുകള്‍ ബിഎല്‍ഒമാരുടെ സഹായത്തോടെ ചെയ്യുന്ന സ്ഥിതിയാണ്. എന്‍ഡിഎ നല്‍കുന്ന ഓപ്പണ്‍ വോട്ട് ലിസ്റ്റ് സ്വീകരിക്കാന്‍ ബിഎല്‍ഒ മാര്‍ തയ്യാറാവുന്നില്ല. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. മണ്ഡലത്തിലുടനീളം എന്‍ഡിഎ യ്ക്കനുകൂലമായ സാഹചര്യമാണ് നിലവിലുളളത്. ഇതില്‍ വിറളി പൂണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്.
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയവും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് കെവി അജി, വൈസ് പ്രസിഡന്റ് ശ്രീധരന്‍ കാരാട്ട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications