Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുംപൊയിൽ - ചുരം റോഡ് അടച്ചിട്ടത് ദുരിതമാകുന്നു: പാൽച്ചുരം റോഡിൽ ഗതാഗത കുരുക്ക് രൂക്ഷം

ഇരിട്ടി: നെടുംപൊയിൽ - വയനാട് ചുരം റോഡ് അടച്ചിട്ടതിനാൽ വാഹന ബാഹുല്യം കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത്. ഇതോടെ കഴിഞ്ഞ ഒരുമാസത്തിലേറെ കാലമായി ചുരം പാതയില്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേക്ക് നിലവില്‍ ഏകമാര്‍ഗ്ഗമായ ഈ പാതയിലെ ഗതാഗതക്കുരുക്ക് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടും ഭരണാധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കും തിരിച്ചും ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും രോഗികളും തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള ഭക്തരും കര്‍ണ്ണാടക-തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ടൂറിസ്റ്റുകളും വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് ചുരം പാതയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത്. വയനാട്ടിലേക്കുള്ള പ്രധാന പാതയായ തലശ്ശേരി-നെടുംപൊയില്‍-പേരിയ-മാനന്തവാടി-ബാവലി അന്തര്‍സംസ്ഥാന പാതയില്‍ കഴിഞ്ഞ ജൂലൈ 30 ന് രാത്രിയുണ്ടായ പ്രകൃതി ദുരന്തത്തിൽ നെടുംപൊയില്‍ ചുരത്തില്‍ വിള്ളല്‍ രൂപപ്പെടുകയും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം നിറുത്തിവെക്കേണ്ടിവരികയും വന്നു.ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും പാല്‍ച്ചുരം പാതയിലൂടെ തിരിച്ച് വിട്ടിരിക്കുകയാണ്. ഇതോടെ ഈ പാതയില്‍ വണ്ടികളുടെ എണ്ണം കുത്തനെ കൂടിയതാണ് ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.

wayanad2

ബോയ്‌സ് ടൗണ്‍ റോഡിലെ ചുരത്തില്‍ റോഡിന്റെ വീതി നാല് മീറ്ററില്‍ താഴെയാണ്. ഈ ഇടുങ്ങിയ റോഡില്‍ 50 ശതമാനവും തകര്‍ന്നതുമാണ്. കോടികള്‍ ചിലവിട്ട് പലവട്ടം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ മാത്രമേ ഈ പ്രവൃത്തികള്‍ക്ക് ആയുസ്സുണ്ടാവാറുള്ളു. മണ്ണിടിച്ചിലിനും പാറവീഴുന്നതിനും സാധ്യതയുള്ള ഭാഗങ്ങള്‍ ഏറെയും ഇടുങ്ങിയ റോഡിലാണ്. വലിയ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും വീതി കുറഞ്ഞ ചുരംപാതയില്‍ കൂടുങ്ങുമ്പോഴാണ് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകുന്നത്. അഞ്ചോളം കൊടുംവളവുകളും കുത്തനെയുള്ള കയറ്റവുമുള്ള പാതയില്‍ ഒട്ടുമിക്ക വാഹനങ്ങളും എഞ്ചിന്‍ ഓഫായി നിന്ന് പോകുന്നതും പതിവാണ്. ഇതോടെ ഗതാഗതതടസ്സവും അനുഭവപ്പെടും.

കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ വഴി മുപ്പതോളം കെഎസ്ആര്‍ടിസി ബസ്സുകളും ദിനം പ്രതി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇത് കൂടാതെ ചരക്ക് ലോറികള്‍ ഉ ള്‍പ്പെടെയുള്ള ചെറുതും വലുതുമായ ആയിരത്തിലേറെ മറ്റുവാഹനങ്ങളും സര്‍വ്വീസ് നടത്തുന്നു. നെടുംപൊയില്‍-മാനന്തവാടി പാതയിലൂടെ നൂറിലേറെ ബസുകളും 1500ല്‍ ഏറെ മറ്റു വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ പാതയടച്ചതോടെ ഇവയെല്ലാം കൊട്ടിയൂര്‍-പാല്‍ച്ചുരം-ബോയ്‌സ് ടൗണ്‍ ചുരം പാതയിലൂടെ വഴിതിരിച്ചുവിട്ടതോടെ ഈ റോഡിലെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കും തിരിച്ചും എത്തിപ്പെടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെയാണ് ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായത്.

ചുരം രഹിതപ്പാതയ്ക്കായി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. വയനാട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നാലുവരിപാതയ്ക്ക് നിര്‍ദ്ദേശമുണ്ടായെങ്കിലും ഇപ്പോള്‍ രണ്ടുവരിപ്പാതയ്ക്കാണ് സര്‍വേ നടക്കുന്നത്. ചുരം ഒഴികെയുള്ള ഭാഗങ്ങളില്‍ രണ്ടുവരിയും ചുരത്തില്‍ പരമാവധി വീതിയിലും റോഡ് നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.

ചുരത്തില്‍ റോഡിന്റെ വീതിയെത്രയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ചുരം റോഡില്‍ വീതി കൂട്ടിയില്ലെങ്കില്‍ ഈ റോഡ് ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാതായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. അപകടാവസ്ഥയിലായ നെടുംപൊയില്‍-പേരിയ-മാനന്തവാടി റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതസൗകര്യമൊരുക്കുകയും പാല്‍ച്ചുരം റോഡില്‍ ചരക്ക് ലോറികള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടില്ലെങ്കില്‍ വയനാട്ടിലേക്കുള്ള യാത്ര ദുഷ്‌കരമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+