ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല: പിണറായി വിജയന്‍
കണ്ണൂര്‍: വ്യത്യസ്ത ഭാഷയും സംസ്‌കാരങ്ങളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. ഭരണഘടനയില്‍ വ്യത്യസ്ത ഭാഷകള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെഡറല്‍ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാര്‍ അജണ്ടയാണ്. ഭാഷയെ തകര്‍ത്താല്‍ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക് മാറ്റാമെന്നും അവര്‍ കരുതുന്നു. ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള നീക്കമാണിത്. ദേശീയ ഭാഷാ എന്ന നിലയില്‍ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്നത്.

എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. ഭാഷ ജീവന്റെ സ്പന്ദനം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നേരത്തെ ശക്തമായ കേന്ദ്രം, ശക്തമായ സംസ്ഥാനം എന്നായിരുന്നു രാജ്യം ഭരിച്ചിരുന്ന നയമെങ്കിലും കഴിഞ്ഞ ഏഴുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ അതു അട്ടിമറിച്ചിരിക്കുകയാണ്.
ഒരേ നികുതി, ഒരുതെരഞ്ഞെടുപ്പ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. ഇതു സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതിനാണ്. കേന്ദ്ര പ്ളാനിങ് ബോര്‍ഡ് പിരിച്ചുവിട്ട് നീതി ആയോഗ് സംവിധാനം നിലവില്‍ വരുത്തി. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വികസനത്തിനുള്ള ഫണ്ട് അനുവദിക്കാതെയായി. ജി.എസ്.ടി നഷ്ടപരിഹാര തുക കോടതിയിലെത്തിയപ്പോഴാണ് അനുവദിക്കാന്‍ തയ്യാറായത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശം കവര്‍ന്നെടുത്തു.
2015ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് റെയില്‍വേ വികസനത്തിനായി സംയുക്തമായി പ്രവര്‍ത്തിക്കാമെന്നു പറഞ്ഞാണ് റെയില്‍ കോര്‍പറേഷനുണ്ടാക്കിയത്. 2016ല്‍ ഇതിനായുള്ള കരാറും സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ടു. എന്നാല്‍ ഇപ്പോള്‍ കേരളം നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രറെയില്‍വേ മന്ത്രാലയം വിലങ്ങുതടിയായി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിനാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.












Click it and Unblock the Notifications