മസ്കറ്റിൽ നിന്നും നാട്ടിലേക്ക് തിരിച്ച ന്യൂമാഹി സ്വദേശിയെ കാണാതായി
തലശ്ശേരി: മസ്‌കറ്റിൽ നിന്നും സൗദി അറേബ്യ വഴി നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പരിഹാരമായില്ല. ന്യൂമാഹി സ്വദേശിയായ യുവാവാണ് വിദേശത്തു നിന്നും പുറപ്പെട്ടിട്ടും ഇനിയും വീട്ടിലെത്താത്തത്. ന്യൂമാഹി പെരിങ്ങാടി പുതിയ റോഡ് നയറസിലെ വള്ളിൽ ആബുട്ടിയെയാണ് (34) ദുരൂഹ സാഹചര്യത്തിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ കാണാതായത്.
മസ്കറ്റിലെ വാദി കബീർ എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന അബുട്ടി നാട്ടിലേക്കുള്ള യാത്രയിൽ ഡിസംബർ രണ്ടിന് ഒമാനിൽ നിന്നും സൗദിയിലേക്ക് പോവുന്നതിനായി മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു. റോഡ് വഴിയായിരുന്നു യാത്ര. സൗദിയിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന് ടിക്കറ്റ് എടുത്തതായി കോപ്പി സഹിതം ഉമ്മയ്ക്ക് വിവരം നൽകിയതാണ്.

ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ആ ബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാൻ ഉമ്മ ഷാഹിദ കോഴിക്കോട് എയർപോർട്ടിൽ എത്തിയിരുന്നു. റിയാദിൽ നിന്നുള്ള വിമാനമെത്തി യാത്രക്കാർ മുഴുവൻ പുറത്ത് എത്തിയിട്ടും ആബുട്ടി മാത്രം വന്നില്ല. മൂന്ന് മണിക്കൂർ കാത്തിരുന്നിട്ടും കാണാതായതോടെ വിമാനത്താവള ഓഫിസിൽ തിരക്കിയപ്പോൾ അങ്ങനെ ഒരാൾ റിയാദിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം കിട്ടിയത്.
റിയാദിൽ നിന്നും ബോർഡിങ് പാസെടുത്താണെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. റിയാദിലെ കിങ് ഖാലിദ് വിമാന താവളത്തിൽ അബുട്ടിക്ക് എന്തു സംഭവിച്ചിരുന്നുവെന്ന് ഇതുവരെ ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മകനെ കാണാതായ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഉമ്മയും ബന്ധുക്കളും ഇന്ത്യൻ എംബസിക്ക് കത്തു നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സ്പീക്കർ എ. എൻ ഷംസീർ, വടകര എം.പി കെ.മുരളിധരൻ , തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത തുടരവെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. യുവാവിനെ സൗദി പൊലിസ് അറസ്റ്റു ചെയ്തതായി നേരത്തെ അഭ്യൂഹം പരന്നിരുന്നുവെങ്കിലും പിന്നീട് അതു തെറ്റാണെന്ന് തെളിയുകയായിരുന്നു.












Click it and Unblock the Notifications