ആറളം ഫാമിനെ രക്ഷിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ, പുതിയ എംഡിയെ നിയമിച്ചു
കണ്ണൂര്‍: ആറളം ഫാമിന്റെപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ആറളം ഫാമിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. ആദ്യനടപടിയായി ആറളംഫാം എംഡിയായി വിമല്‍ഘോഷിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
നിലവില്‍ വയനാട് ജില്ലയില്‍ കൃഷി ജോയിന്റ് ഡയറക്ടറാണ് വിമല്‍ ഘോഷ്. ഫാം എംഡിയായി ഉടന്‍ ചുമതലയേല്‍ക്കും. ഫാം നടത്തിപ്പ് പ്രതിസന്ധിയിലാക്കി പതിനാറ് മാസങ്ങളായി എംഡി തസ്തിക ഒഴിഞ്ഞു കിടപ്പായിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഫാം, ആദിവാസിപുനരധിവാസ മേഖലയിലെ നാനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ക്ക് രൂപരേഖയുണ്ടാക്കി.

ആദിവാസിക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനന്‍, സിപി എം ഏരിയാ സെക്രട്ടറി അഡ്വ. ബിനോയ്കുര്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരുള്‍പ്പെട്ട നിവേദകസംഘം യോഗത്തിന് മുന്‍പ് ഫാം പ്രശ്‌നങ്ങളില്‍ തീര്‍പ്പാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാര്യങ്ങള്‍ബോധ്യപ്പെടുത്തിയിരുന്നു.
കാട്ടാനയാക്രമണം തടയാന്‍ 22 കോടി രൂപയുടെ ആനമതിലും റെയില്‍വേലിയും നിര്‍മിക്കുന്നതിനും ഇതിനുള്ള തുക നബാര്‍ഡ് പദ്ധതിയിൽ നിന്ന് കണ്ടെത്തുന്നതിനും തീരുമാനിച്ചു. സംസ്ഥാന നിര്‍മിതി ഫാമിലെ ആദിവാസികള്‍ക്ക് നിര്‍മിച്ചതും നിലവില്‍ വാസയോഗ്യമല്ലാത്തതുമായ 361 വീടുകള്‍ക്ക് പകരം ലൈഫ് മിഷനില്‍ പെടുത്തി പുതിയ വീടുകള്‍ നിര്‍മിക്കും. പ്രവര്‍ത്തനരഹിതമമായ ആറളം ഫാമിലെ ആംബുലന്‍സിന് പകരം ആരോഗ്യവകുപ്പ് പുതിയ ആംബുലന്‍സ് വാങ്ങി നല്‍കും.
ആക്ഷേപങ്ങള്‍ക്കിടയാക്കുന്ന ഫാം ഗോത്രസാരഥി വിദ്യാര്‍ഥി യാത്രാ വാഹനങ്ങള്‍ക്ക് പകരം ഫാം മേഖലയില്‍ സ്വന്തം വാഹനം വാങ്ങി നല്‍കാന്‍ സംവിധാനമൊരുക്കും. ആറളം ഫാമില്‍ ആവര്‍ത്തനകൃഷി, റീപ്ലാന്റിംഗ് സംവിധാനത്തെകകുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല നേതൃത്വത്തില്‍ നടത്തുന്ന പഠനത്തില്‍ ഫാമിലെ ജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ചാവും തുടര്‍നടപടികള്‍. ഫാം ജീവനക്കാര്‍ സ്വയം വിരമിക്കലിന്അപേക്ഷിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ 11.93 കോടി രൂപ വേണം.
ബജറ്റ് ശീര്‍ഷകത്തില്‍ ഈ തുക ഉള്‍പ്പെടുത്തി വിആര്‍എസ് പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രിയോഗത്തില്‍നിര്‍ദേശിച്ചു. നിലവിലെപ്രതിസന്ധി പരിഹരിക്കാന്‍ ഈയിടെ സര്‍ക്കാര്‍ അനുവദിച്ച നാല് കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ഉടന്‍ അനുവദിക്കാനും മുഖ്യമന്ത്രി ധനവകുപ്പിന് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications