നഗരസഭ സെക്രട്ടറിയുമായി ചേർന്ന് പുതുവത്‌സരാഘോഷം: ചെയര്‍മാനോട് വിശദീകരണം തേടി ലീഗ്
പാനൂര്‍: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പാനൂര്‍ നഗരസഭാ സെക്രട്ടറിയുമായി പൊതുചടങ്ങില്‍ പങ്കെടുത്ത ലീഗ് ചെയര്‍മാന്‍ വി നാസര്‍ മാസ്റ്ററോട് വിശദീകരണം തേടി മുസ്‌ലിം ലീഗ് നേതൃത്വം. നിരുത്തരവാദപരമായ നീക്കമാണ് ചെയര്‍മാന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നും ജനുവരി അഞ്ചിന് പാനൂര്‍ ലീഗ് ഹൗസില്‍ ചേരുന്ന മണ്ഡലം കമ്മറ്റി യോഗത്തിൽ വിശദീകരണം തേടാനും നേതൃത്വം തീരുമാനിച്ചു.
മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെയും സാമുദായി നേതൃത്വത്തിനെതിരെയും വിദ്വേഷ പരാമര്‍ശം നടത്തിയ നഗരസഭാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വം നിയമപരവും, രാഷ്ട്രീയവുമായി നീങ്ങുമ്പോള്‍ ചെയര്‍മാന്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ മുന്‍പില്‍ വിഷയം എത്തിയതോടെയാണ് വിശദീകരണം ചോദിക്കാന്‍ തീരുമാനമായത്. മണ്ഡലം നിരീക്ഷകന്‍ അഡ്വ.എസ്.മുഹമ്മദ് മണ്ഡലം കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.

പുതുവത്‌സാരാഘോഷത്തിന്റെ ഭാഗമായി പാനൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങിലാണ് നഗരസഭാ സെക്രട്ടറിയും ചെയര്‍മാനും മധുരം പങ്കുവെച്ചത്.മറ്റു നഗരസഭാ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാലിതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ചെയര്‍മാനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്.
വിവാദ പരാമര്‍ശംനടത്തിയ നഗരസഭാ സെക്രട്ടറിക്ക് ചെയര്‍മാന്‍ കേക്ക് മുറിച്ച് നല്‍കിയ സംഭവമാണ് പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും പ്രകോപിപ്പിച്ചത്.മണ്‍മറഞ്ഞ ലീഗ് നേതാവ് പാണക്കാട്ടെ തങ്ങളെ അടക്കം അധിക്ഷേപിച്ചു സെക്രട്ടറി എ.പ്രവീണ്‍ പാനൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനോട് സംസാരിക്കുന്ന ഫോണ്‍ സന്ദേശം പുറത്തു വന്നതാണ് വിവാദമായത്. ഇതിനു ശേഷം നഗരസഭാ സെക്രട്ടറിക്കെതിരെ ലീഗ് നേതൃത്വം പ്രതിഷേധവുമാരംഭിച്ചു.
നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തദ്ദേശസ്വയം ഭരണവകുപ്പ്മന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നുവെങ്കിലും സെക്രട്ടറി നല്‍കിയ വിശദീകരണം അംഗീകരിച്ചു തല്‍സ്ഥാനത്തു തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു.ഇതോടെ നാണക്കേടിന്റെ പരകോടിയിലെത്തിയ മുസ്‌ലിംലീഗിനെ പ്രകോപിപ്പിച്ചു കൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കാരനായ ചെയര്‍മാന്‍ തന്നെ സൗഹൃദ നിമിഷങ്ങളില്‍ മധുരം പങ്കുവെച്ചത്.












Click it and Unblock the Notifications