സിപിഎം അനുകൂല സംഘടനയുടെ പരിപാടിക്കായി നിർമല സീതാരാമന്റെ ഭർത്താവ് കണ്ണൂരിൽ; സുരക്ഷ ശക്തമാക്കും
കണ്ണൂർ: രാഷ്ട്രീയ സാമ്പത്തികവിഗ്ദ്ധനും രാജ്യത്തെ അറിയപ്പെടുന്ന ചിന്തകനുമായ ഡോക്ടർ പരകാല പ്രഭാകർ കണ്ണൂരിലെത്തുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവു കൂടിയായ ഡോ. പരകാല പ്രഭാകർ നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി പൊതുവേദിയിൽ വിമർശിക്കുന്ന ബുദ്ധിജീവികളിൽ ഒരാൾ കൂടിയാണ്. സിപിഎം അനുകൂല സംഘടനയായ സേവ് പബ്ളിക് സെക്ടർ ഫോറം ഡിസംബർ ഒൻപതിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടത്തുന്ന ജില്ലാ കൺവെൻഷനിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. 'വർത്തമാനകാല ഇന്ത്യ ആവർത്തിക്കുന്ന നുണക്കഥകൾ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക്, പോസ്റ്റൽ പെൻഷൻ കാർ, കേന്ദ്രസർക്കാർ ജീവനക്കാർ എന്നിവരുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സെമിനാർ നടത്തുന്നത്. നരേന്ദ്ര മോദി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുന്ന ഡോ. പരകാല പ്രഭാകറിന് കനത്ത സുരക്ഷയൊരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ദി ക്രൂക്കഡ് ടിംബർ ഓഫ് ഇന്ത്യ, എ സെയ്സ് ഓൺ റിപ്പബ്ളിക്ക് ഇൻ ക്രൈസസ് എന്ന പുസ്തകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ പ്രതിലോമകരമായ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് എണ്ണിയെണ്ണി വിമർശിച്ചിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും മറ്റും കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി കഴിവുകെട്ടവനാണെന്ന് അടുത്ത കാലത്തായി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആഞ്ഞടിച്ചിരുന്നു.
ഇടതു അനുകൂല സംഘടനകൾ നടത്തുന്ന സെമിനാറിനെതിരെ സംഘപരിവാർ പ്രതിഷേധം നടത്തുമെന്ന നിഗമനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിപാടിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ അടുത്ത ബന്ധുവെന്ന നിലയിൽ വി.വി.ഐ.പി പരിഗണനയാണ് കണ്ണൂർ സിറ്റി പോലിസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പരിപാടി നടക്കുന്ന കണ്ണൂർ ജവഹർ ഓഡിറ്റോറിയം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. വരും ദിവസങ്ങളിൽ ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലം പരിശോധിക്കും.












Click it and Unblock the Notifications