ഇക്കുറിയും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തന്നെ: സ്‌കൂള്‍ വിപണിയില്‍ കോടികളുടെ നഷ്ടം
തലശേരി: കുട്ടികള്‍ വരുന്ന അധ്യയനവര്‍ഷം കൂടി സ്‌കൂളിന്റെ പടി ചവിട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിസന്ധിയിലായത് അധ്യാപകരും മാനേജ്‌മെന്റും മാത്രമല്ല സ്‌കൂള്‍ വിപണി കൂടിയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉള്‍പ്പെട്ടതോടെ സ്‌കൂള്‍ വ്യാപാര, വ്യവസായ മേഖലകള്‍. കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂള്‍ സീസണ്‍ കച്ചവടം ഇല്ലാതാകുന്നത്.

ഓണം, പെരുന്നാള്‍, വിഷു സീസണ്‍ പോലെ മികച്ച ലാഭമാണ് സ്‌കൂള്‍ തുറക്കുന്ന സീസണിലും വ്യാപാരികള്‍ക്ക് സാധാരണ ലഭിക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ കടകളില്‍ പോലും രണ്ടായിരത്തിലേറെ രൂപവിലവരുന്ന സ്‌കൈ ബാഗുകള്‍ ഉള്‍പ്പെടെ സ്‌കൂള്‍ സീസണില്‍ നന്നായി വിറ്റുപോകാറുണ്ട്.അസംഘടിത മേഖലയില്‍ നിന്ന് വരുന്ന നോട്ട് ബുക്കുകള്‍ക്കൊപ്പം ഐ.ടി.സി കമ്പനിയുടെ ക്ലാസ്മേറ്റ്, കാമലിന്‍ തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡഡ് നോട്ടുബുക്കുകള്‍ക്കും ആവശ്യക്കാരേറെയായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഏറ്റവും ചുരുങ്ങിയത്. രണ്ട് ജോഡി പാദരക്ഷകള്‍ രക്ഷിതാക്കള്‍ വാങ്ങാറുണ്ട്.
വാട്ടര്‍ബോട്ടില്‍, പൗച്ച് തുടങ്ങിയ ഉത്പന്നങ്ങളും മക്കളുടെ അഭിരുചിയറിഞ്ഞ് വാങ്ങികൊടുക്കുന്നവരുണ്ട്. ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ നോട്ട് ബുക്ക് മുതല്‍ കുട വരെയുള്ളവയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.കൊവിഡിന്റെ അതിതീവ്രമായ വ്യാപനം മുന്നില്‍ കണ്ട് ഇത്തവണ വ്യാപാരികള്‍ പുതിയ ഉത്പന്നങ്ങള്‍ എടുക്കാത്തതിനാല്‍ നഷ്ടം കുറവാണ്. എന്നാല്‍ സ്‌കൂള്‍ സീസണില്‍ വ്യാപാരം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ആയിരങ്ങള്‍ക്കാണ് തിരിച്ചടിയായത്.
ഡയറക്ടറേറ്റ് ഒഫ് ജനറല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന കണക്ക് പ്രകാരം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 33.27 ലക്ഷം കുട്ടികളാണ് 2019-20 വര്‍ഷത്തില്‍ പഠിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാത്രം കണക്കാണിത്. അണ്‍എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും കൂടിയാകുമ്പോള്‍ എണ്ണം ഇതിലും കൂടും. കൈത്തറി തൊഴിലാളികളും തയ്യല്‍ക്കാരും സ്‌കൂള്‍ തുറക്കാത്തതിനാല്‍ കഷ്ടത്തിലാണ്. സ്‌കൂള്‍ യുനിഫോം തയ്ച്ച് ജീവിതം മുന്‍പോട്ട് കൊണ്ടുപോയിരുന്നവര്‍ പെരുവഴിയിലായി
Recommended Video
തൃശൂര്‍ കേന്ദ്രമായുള്ള ബാഗിധാരി എന്ന എന്‍ജിഒയുടെ 2019ലെ കണക്കനുസരിച്ച് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകളാണ് ഒരു വര്‍ഷം കേരളത്തില്‍ വിറ്റുപോകുന്നത്. ബാഗൊന്നിന് ശരാശരി 400 രൂപ കണക്കാക്കിയാല്‍ ഏറ്റവും ചുരുങ്ങിയത് 180 കോടിയുടെ സ്‌കൂള്‍ ബാഗ് വ്യാപാരമാണ് നടന്നത്. ഈ വില്‍പ്പനയാണ് ഇപ്പോള്‍ ഇല്ലാതെയായത്. സ്‌കൂള്‍ തുറക്കുമ്പോള്‍ വില്‍പ്പനയില്‍ മുന്നില്‍ നിന്നിരുന്ന ഷൂസ് ഇപ്പോള്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ 115 പാദരക്ഷാ നിര്‍മ്മാണ യൂണിറ്റുകളാണ് സ്‌കൂള്‍ തുറക്കാത്തത് കാരണം പ്രതിസന്ധിയിലായത്.












Click it and Unblock the Notifications