അധ്യാപകരില്ല: പരിയാരം ആയുർവേദ കോളേജ് പി.ജി കോഴ്സ് അംഗീകാരം നഷ്ടപ്പെട്ടു
കണ്ണൂര്‍:ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഗൈഡ് ചെയ്യാനാവശ്യമായ അധ്യാപകരില്ലാത്തതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ പി.ജി കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടു.നാല് സ്‌പെഷാലിറ്റി വിഭാഗങ്ങളിലായി 28 സീറ്റുകളിലെ പി.ജി കോഴ്‌സിന്റെ അംഗീകാരമാണ് നഷ്ടപ്പെട്ടത്. ക്രിയാശാരീരം, ഭൈഷജ്യകല്‍പന, ശല്യതന്ത്രം, ശാലാക്യ തന്ത്രം എന്നീ വിഭാഗങ്ങളുടെ അംഗീകാരമാണ് കേരള ആരോഗ്യ സര്‍വകലാശാല, പരിശോധനക്കുശേഷം എടുത്തുകളഞ്ഞത്.ഉത്തര മലബാറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക ആയുര്‍വേദ കോളജ് എന്ന നിലയില്‍ ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഇവിടെ പി.ജി കോഴ്‌സുകള്‍ ആരംഭിച്ചത്. ഇതാണ് നഷ്ടപ്പെട്ടത്. പോസ്റ്റ് ഗ്രാജ്വേറ്റ് പഠനസൗകര്യം വൈദ്യ വിദ്യാഭ്യാസ മേഖലയിലും ചികിത്സാരംഗത്തും ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമായിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ പരിശോധനകളില്‍ തല്‍ക്കാലത്തേക്ക് ചില അധ്യാപകരുടെ നിയമനം കാണിച്ചാണ് പ്രവര്‍ത്തനാനുമതി നേടിയതെങ്കില്‍ ഇത്തവണ അത്തരം ഇടപെടലുകള്‍ സാധ്യമല്ല എന്ന നിലപാടാണ് ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആയുര്‍വേദ കോളജുകളെ അപേക്ഷിച്ച് തീരെ കുറവാണ് കണ്ണൂരിലെ അധ്യാപകരുടെ എണ്ണം.തസ്തികക്കുവേണ്ടി നിരന്തരം ആവശ്യമുന്നയിച്ചിട്ടും മലബാര്‍ മേഖലയായതിനാല്‍ അവഗണിക്കുകയാണെന്ന് വ്യാപകമായി പരാതിയുണ്ട്. മാത്രമല്ല, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ കണ്ണൂരില്‍ ജോലി ചെയ്യാന്‍ തയാറാവാത്തതായും പരാതിയുണ്ട്.
പലരും ഇവിടത്തേക്ക് മാറ്റം കിട്ടിയാല്‍ നീണ്ട അവധിയെടുക്കുന്നതായും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.സര്‍വകലാശാലയുടെ പരിശോധന സമയത്തുമാത്രം ആവശ്യത്തിന് അധ്യാപകരെ കാണിച്ച് പിന്നീട് അവര്‍ സ്ഥലം മാറുമ്പോള്‍ പകരം ആളുകള്‍ വരാത്തതും ഇവിടെ പ്രശ്‌നമായി തുടരുകയാണ്.പി.ജി വിദ്യാര്‍ഥികളെ ഗൈഡ് ചെയ്യാനാവശ്യമായ അധ്യാപക തസ്തികകള്‍ അടിയന്തരമായി അനുവദിച്ചുകൊണ്ട് പി.ജി കോഴ്‌സുകള്‍ പുന:സ്ഥാപിക്കണമെന്നതാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.












Click it and Unblock the Notifications