കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസ പദ്ധതികളുമായി നോർക്ക
കണ്ണൂർ: കൊവിഡ് മഹാമാരിക്കിടെയിൽ തൊഴിലും ജീവിതോപാധിയും നഷ്ടപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക. നാട്ടിലെത്തുന്ന പ്രവാസികൾക്ക് സ്വയംസംരംഭം തുടങ്ങാൻ വിപുലമായ ആനുകൂല്യങ്ങളുമായി നോർക്ക റൂട്ട്‌സ് രംഗത്തെത്തിയത് പ്രവാസികൾക്ക് ആശ്വാസകരമായിരിക്കുകയാണ്. പ്രവാസി സംരംഭങ്ങൾക്ക് ബാങ്ക് വായ്‌പാ മൂലധനം പലിശ സബ്‌സിഡിയോടെ നോർക്ക റൂട്ട്‌സ് ലഭ്യമാക്കും. ഫാം ടൂറിസം, സംയോജിത, കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോൽപ്പാദനം, മത്സ്യകൃഷി, ആട്-കോഴി വളർത്തൽ, പുഷ്‌പകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ, കച്ചവട മേഖലയിൽ മൊത്ത വ്യാപാര വിതരണം, സൂപ്പർ മാർക്കറ്റുകൾ, റസ്‌റ്റോറന്റ്, ഹോംസ്‌റ്റേ, റിപ്പയർ ഷോപ്പുകൾ എന്നിവയ്‌ക്കുമാണ് വായ്‌പ അനുവദിക്കുന്നത്.
ഫർണിച്ചർ, തടിവ്യവസായം, ബേക്കറി ഉൽപ്പന്നങ്ങൾ, കംപ്യൂട്ടർ, സലൂൺ, ബ്യൂട്ടി പാർലർ, പേപ്പർ റീസൈക്ലിങ്, പൊടിമില്ല്, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്‌സി സർവീസ്, ആധുനിക മാംസ വിൽപനശാല, ആട് മാട് വളർത്തൽ, മാംസ വിൽപനശാലയോട് കൂടിയ ഭക്ഷണശാല എന്നിവ ആരംഭിക്കൽ വായ്‌പ ലഭ്യമാക്കും.

30ലക്ഷം രൂപവരെ മൂലധനച്ചെലവ് പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 15ശതമാനം മൂലധന സബ്‌സിഡി (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) ലഭിക്കും. കൂടാതെ അനുവദിക്കുന്ന വായ്‌പയുടെ പലിശയ്‌ക്ക് മൂന്ന് ശതമാനം സബ്‌സിഡിയോടെ നാല് വർഷത്തേക്ക് ലഭിക്കും. പദ്ധതി മർഗനിർദേശം, പ്രൊജക്ട് റിപ്പോർട്ട്, വായ്‌പലഭ്യത എന്നിവയ്‌ക്കായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ സൗജന്യസേവനം ലഭിക്കും. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്‌തശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനി, ട്രസ്‌റ്റ്, സൊസൈറ്റി തുടങ്ങിയവയും ആനുകൂല്യത്തിന് അർഹരാണ്.
നോർക്ക വെബ്‌സൈറ്റായ www.norkaroots.org യിൽ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വായ്‌പക്കായി രജിസ്‌റ്റർ ചെയ്യാം. പാസ്‌പോർട്ട് പദ്ധതിയുടെ വിവരണം അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. രണ്ട് വർഷം വിദേശവാസം തെളിയിക്കുന്നതിന്റെ പാസ്‌പോർട് രേഖ, ആധാർ, പാൻ കാർഡുകൾഎന്നിവയും ഹാജരാക്കണമെന്നും നോർക്ക അധികൃതർ അറിയിച്ചു.












Click it and Unblock the Notifications