മകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം വേദിയില്‍ നിറഞ്ഞാടി നൃത്താചാര്യന്‍ എന്‍വി കൃഷ്ണന്‍ മാസ്റ്റര്‍
പയ്യന്നൂര്‍: പ്രായത്തെ വെല്ലുന്ന നൃത്ത വിസ്മയം ഒരുക്കി കണ്ണൂരിലെ നൃത്താചാര്യന്‍ എന്‍. വി.കൃഷ്ണന്‍ മാസ്റ്റർ. തന്റെ എഴുപത്തിയാറാം വയസില്‍ നൃത്തരംഗത്തെ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ മകള്‍ക്കും കൊച്ചുമകള്‍ക്കും ഒപ്പമാണ് കൃഷ്ണന്‍ മാസ്റ്റര്‍ വീണ്ടും വേദിയിലേക്ക് എത്തിയത്. പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിലാണ് ഈ അപൂര്‍വ്വ സംഗമം.
മകള്‍ സംഘമിത്രയ്ക്കും കൊച്ചുമകള്‍ വൈഗയ്ക്കും ഒപ്പമാണ് കൃഷ്ണന്‍ മാസ്റ്റർ ചുവടുവെച്ചത്. നിറഞ്ഞ സദസിന് മുന്‍പിലായിരുന്നു ഈ അപൂര്‍വ്വ കലാപ്രകടനം. പ്രിയ ശിഷ്യയായ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവനും പരിപാടി കാണാന്‍ എത്തിയിരുന്നു. മാഷും സംഘമിത്രയും മകളും ചേര്‍ന്ന് നൃത്തം അവതരിപ്പുന്നുണ്ടെന്നു അറിഞ്ഞപ്പോള്‍ കാണാനായി തൃശൂരില്‍നിന്നും എത്തിയതാണെന്നു അവര്‍ പറഞ്ഞു. എന്‍വി കൃഷ്ണന്‍മാസ്റ്ററെ സംഘാടകര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. തന്റെ വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി പ്രശസ്ത കലാപ്രതിഭകളെ വാര്‍ത്തെടുത്ത കൃഷ്ണന്‍ മാഷ് കണ്ണൂരുകാര്‍ക്ക് സുപരിചിത മുഖമാണ്. നടി മഞ്ജു വാര്യര്‍, വിനീത് കുമാര്‍, അനുപമ കൃഷ്ണന്‍, മുരളി എച്ച് ബട്ട്, എം കെ ഷിജിത്ത് കുമാര്‍, സി വിപിന്‍ദാസ്, ഷംനാ കാസിം, പാര്‍വതി നമ്പ്യാര്‍, ഹീരാ നമ്പൂതിരി തുടങ്ങിയവരും ശിഷ്യഗണത്തിലുണ്ട്.
1949 മേയ് 10-ന് കണ്ണൂര്‍ മാതമംഗലം എരമത്താണ് കൃഷ്ണന്‍ മാസ്റ്ററുടെ ജനനം. എട്ടാം വയസ്സില്‍ കളരിപരിശീലനത്തിലൂടെതുടക്കം. ഇരുപതാം വയസ്സില്‍ ചെന്നൈയിലെ രുഗ്മണിദേവി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തിലെ വിദ്യാര്‍ഥിയായി. 1984-85 വര്‍ഷം പയ്യന്നൂരില്‍ തിരിച്ചെത്തി. മഹാദേവഗ്രാമത്തിലെ നൃത്തപ്രതിഭ വി.പി. ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി. കഴിഞ്ഞ 38 വര്‍ഷമായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് താമസം.മക്കളായ മഹേന്ദ്രനും അംബരീഷും നൃത്തരംഗത്ത് സജീവമാണ്.












Click it and Unblock the Notifications