ഇരിക്കൂറില്‍ വയോധികനായ വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് അക്രമിച്ചു
ഇരിക്കൂര്‍: ഇരിക്കൂര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടി വിതറി ആക്രമിച്ചുവെന്ന പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് ബൈത്തു റഹ്‌മാ റോഡില്‍ താമസിക്കുന്ന മാങ്ങാടന്‍ അബൂബക്കര്‍ ഹാജി (67) യെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം കണ്ണില്‍ മുളക് പൊടി വിതറി ആക്രമിച്ചത്.
നിലാമുറ്റം പള്ളിയില്‍ നിന്നും രാത്രി നിസ്‌കാരം കഴിഞ്ഞ് ഇദ്ദേഹംസ്‌കൂട്ടറില്‍ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ബൈത്തുറഹ്‌മ റോഡില്‍ കയറിയപ്പോള്‍ കണ്ണില്‍ മുളക് പൊടി വിതറി എതിരെ വന്ന സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അബൂബക്കര്‍ ഹാജിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

ഹെല്‍മെറ്റും മാസ്‌കും ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് വിധേയനായ അബൂബക്കര്‍ ഹാജി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരിക്കൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അക്രമസംഭവങ്ങളും കൊലപാതകങ്ങളും ഇരിക്കൂറില്‍ നടക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതുവരെയായി ഇതരസംസ്ഥാനതൊഴിലാളിഉള്‍പ്പെടെ രണ്ടുപേരാണ് ഇരിക്കൂറില്‍ കൊല്ലപ്പെട്ടത്.
2016 ല്‍ ഇരിക്കൂറിലെ വൃദ്ധയായ വീട്ടമ്മ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഏഴാണ്ട് തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതായതോടെ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭം ആരംഭിക്കുകയും കേസ് 2021 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമാകാത്ത അവസ്ഥയിലാണ്.
കണ്ണൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിതിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് (എന്‍സിആര്‍ബി) ഉള്‍പ്പെടെ പ്രതികളുടെ വിവരം കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയൊന്നുമില്ല.2016 ലാണ് ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തീന്റെ ഭാര്യ ഷബീന മന്‍സിലില്‍ മെരടന്‍ കുഞ്ഞാമിനയെന്ന അറുപത്തി ഏഴ്കാരിയായ വൃദ്ധ കൊല്ലപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ളതും താമസിക്കുന്ന വീട്ടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാര്‍ട്ടേഴ്‌സിലാണ് അതിദാരുണമായി കുഞ്ഞാമിന കൊല്ലപ്പെട്ടത്.












Click it and Unblock the Notifications