കണ്ണൂരില്‍ നാളെ പഞ്ചസാര ഹര്‍ത്താല്‍: പിന്തുണ പ്രഖ്യാപിച്ച് ജനം, വിജയിപ്പിക്കണമെന്ന് അധികൃതര്‍
കണ്ണൂര്‍: പഞ്ചസാര ഹര്‍ത്താലോ, കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമുണ്ടാകുന്നുണ്ടല്ലേ.. എന്നാലങ്ങനെ ഒരു ഹര്‍ത്താലിന് തയ്യാറെടുക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ എന്ന ഗ്രാമം. ലോക പ്രമേഹ ദിനമായ നംവബര്‍ പതിനാലിനാണ് ഇതുവരെയും ആരും കേട്ടിട്ടില്ലാത്ത കൗതുകകരമായ ഹര്‍ത്താലുമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.
പ്രമേഹ രോഗത്തെ സംന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്ത് ഇത്തരം ഒരു സമരമുറ പരീക്ഷിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്‌കരിക്കുകയും ഹോട്ടലുകളില്‍ മധുരമില്ലാത്ത ചായ മാത്രം നല്‍കുകയും ചെയ്യും ഇതാണ് പദ്ധതി. പഞ്ചയാത്തിന്റെ ഈ പദ്ധതിക്ക് വന്‍ സ്വീകരണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

അന്നേ ദിവസം കടകളില്‍ പഞ്ചസാര വില്‍ക്കുന്നതിനും വിലക്കുണ്ട്. എല്ലാ കടകളിലും ഇതു സംബന്ധിച്ച ബാനറുകളും നോട്ടീസും പതിപ്പിച്ച് കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡിജിന പ്രിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.ജെ. അഗസ്റ്റിന്‍, ജെഎച്ച്ഐമാരായ സന്തോഷ്, ഷൈനേഷ് എന്നിവര്‍ പങ്കെടുത്ത പഞ്ചായത്ത് അവലോകന യോഗത്തിലാണ് വ്യത്യസ്തമായ ആശയം മനസിലുദിച്ചത്. ഉടന്‍ പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പികക്കുകയും അത് പാസാക്കുകയുമായിരുന്നു.

പ്രമേഹം രോഗത്തിന്റെ പ്രതിരോധത്തിന് വേണ്ടി ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പങ്കാളികളാകുന്നത് ചരിത്ര സംഭവമാകുമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന കണിച്ചാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.ജെ. അഗസ്റ്റിന്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായി മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ പ്രമേഹ രോഗിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതുസംബന്ധിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള അച്ച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് നേരത്തെ പഠനം നടത്തിയിരുന്നു. ഇതിന്‍ പ്രകാരം സ്ത്രീകളില്‍ 19 ശതമാനവും പുരുഷന്‍മാരില്‍ 27 ശതമാനവും പ്രമേഹരോഗം കാണപ്പെടുന്നു എന്നും കണ്ടെത്തിയിരുന്നു.
Recommended Video

കണക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ 2045 ആകുമ്പോഴേക്കും ലോകത്ത് 70 കോടിയിലധികം പ്രമേഹബാധിതര്‍ ഉണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ നല്‍കുന്ന സൂചന. 10 വര്‍ഷംകൂടി പിന്നിടുമ്പോള്‍ 47.2 കോടിയിലധികം പ്രമേഹരോഗികളുണ്ടായേക്കുമെന്നും അവര്‍ പറയുന്നു. അതില്‍ 60 ശതമാനവും ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ ഭൂഖണ്ഡത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഞ്ചായത്തിന്റെ ഈ ഉദ്യാമത്തില്‍ എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications