ഓണം കളറാക്കാൻ ഇത്തവണ ജയിൽ അന്തേവാസികളുടെ ചെണ്ടുമല്ലിയും
കണ്ണൂര്‍: ഓണം കളറാക്കാന്‍ ഇത്തവണ ജയിലില്‍ നിന്നും പൂവെത്തും. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികളുടെ സഹകരണത്തോടെ കൃഷി ചെയ്ത ചെണ്ടുമല്ലിക വിളവെടുപ്പ് ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജയില്‍ ഡി.ഐ.ജി ബി.സുനില്‍കുമാറിന് പൂക്കള്‍ കൈമാറി നിര്‍വഹിച്ചു. തളിപറമ്പ് കാര്‍ഷിക വികസനനാങ്ക് കണ്‍സോര്‍ഷ്യം വൈസ് ചെയര്‍മാന്‍ എല്‍.വി മുഹമ്മദ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പുഴാതി കൃഷിഭവന്‍ മുഖേനെ സെന്‍ട്രല്‍ ജയിലിലെ ഒന്നര ഏക്കര്‍ സ്ഥലത്താണ് പൂകൃഷിയാരംഭിച്ചത്. കഴിഞ്ഞ ജുലായ് മാസത്തിലാണ് ജില്ലാ പഞ്ചായത്ത് 1500 ഓളം ചെണ്ടുമല്ലി തൈകള്‍ സ്‌പെഷ്യന്‍ സബ് ജയിലിലേക്ക് കൈമാറിയത്. സ്പഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഇ.വി ജിജേഷ് മുന്‍കെയ്യെടുത്ത് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പ്രിസണ്‍ മെഡലിന് അര്‍ഹനായ സ്‌പെഷ്യല്‍ സബ് ജയില്‍ അസി.സൂപ്രണ്ട് ടി.എ പ്രഭാകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നരമാസക്കാലത്തെ അധ്വാനത്തിന്റെ ഫലമായി നയന മനോഹരമായ കാഴ്ച്ചയാണ് ജയില്‍ പരിസരത്ത് ഒരുക്കിയത്.

സ്‌പെഷ്യല്‍ സബ് ജയിലില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് കെ. വേണു അധ്യക്ഷനായി. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ രേണു പി.ജില്ലാ ജയില്‍ സൂപ്രണ്ട് കെ.കെ റിനില്‍, വനിതാ ജയിലര്‍ റംല ബീവി , പുഴാതി കൃഷിഭവന്‍ഓഫിസര്‍ ശ്രീകുമാര്‍, ടി.സന്തോഷ് കെ.കെ ബൈജു എന്നിവര്‍ സംസാരിച്ചു. ഇവി ജിജേഷ് സ്വാഗതവും കെ.സിവിന്‍സെന്റ് നന്ദിയും പറഞ്ഞു.
ടി.എ. പ്രഭാകരന്‍, എസ്. ഷാജി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. സെന്‍ട്രല്‍ ജയിലിന്റെ മുന്‍പിലെ ഒന്നാം കൗണ്ടറില്‍ നിന്നും നേരിട്ടു ആവശ്യക്കാര്‍ക്ക് വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ പുക്കള്‍ വിതരണം നടത്തും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം ഇക്കുറി അഴിക്കല്‍ ചാലിലെ കര്‍ഷന്‍ സലീഷിന്റെ വീട്ടുമുറ്റത്തെ ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഉത്രാടത്തിനും തിരുവോണത്തിനും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ വിപണിയിലെത്തുകയും ഉപഭോക്താക്കള്‍ വന്‍ വില കൊടുത്ത് കൊള്ളയടിക്കപ്പെടാതിരിക്കുന്നതിനാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പൂകൃഷിക്ക് വ്യാപകമായ സഹായം നല്‍കിയത്.












Click it and Unblock the Notifications