ഹജ്ജ് എംബാര്‍ക്കേഷന്‍; കരിപ്പൂരും കണ്ണൂരും പരിഗണനയിലെന്ന് എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: നെടുമ്പാശേരിക്ക് പുറമെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാക്കേര്‍ഷന് പരിഗണിക്കുന്ന കേരളത്തിലെ വിമാനത്താവളങ്ങളാണെന്ന് ദേശീയഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളക്കുട്ടി. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ ജനുവരി ഒന്നു മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്നും അബ്ദുളളക്കുട്ടി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള എംബാര്‍ക്കേഷന്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ ഒരു കേന്ദ്രം കൂടി ഉണ്ടാവാനുള്ള ശ്രമം ഉണ്ടാവും. കോഴിക്കോടും കണ്ണൂരും ഇതിനായി ശ്രമിക്കുന്നുണ്ട്. കണ്ണൂര്‍ എംബോര്‍ക്കേഷന് പറ്റിയ ഇടമാണെന്ന വിലയിരുത്തലുണ്ട്. റണ്‍വേ സൗകര്യം കൂടുതലുള്ളതുകൊണ്ടു വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനുള്ള സൗകര്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് നടത്തിയ തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2023 ലെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ഹജ് കര്‍മ്മത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് വഴിയും ആപ് വഴിയും അപേക്ഷിക്കണം. കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അപേക്ഷകര്‍ കുറവായിരുന്നു. കൊവിഡ് കാരണം ഹജ്ജ് നടക്കുമോയെന്ന ആശങ്കയാണ് അപേക്ഷ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു
സര്‍ക്കാര്‍ ക്വാട്ടയില്‍ നുറു ശതമാനം ഹാജിമാരെയും 2022ല്‍ ഹജ്ജിനയക്കാന്‍ കഴിഞ്ഞു. 57,635 പേരാണ് പോയത്. ഒരു ഹാജിക്ക് 3,80,000 രൂപയാണ് ചെലവ് വന്നത്. 2023 ല്‍ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തോളമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് ജനുവരി 9 മുതല്‍ 12 വരെ ജിദ്ദയില്‍ സൗദി ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സംഘം എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ടെന്നും എ.പി അബ്ദുള്ളക്കുട്ടി അറിയിച്ചു.
കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാന്‍ അവകാശമില്ലെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും മലയോരത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടാക്കിയ ഹരിതസേനയാണ് പുതിയ പ്രതിസന്ധിക്കു കാരണം. ബി.ജെ.പി ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുമെന്നും ഈക്കാര്യം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications