ആറളം ഫാമില്‍ ഓപ്പറേഷന്‍ എലിഫന്റ് പദ്ധതി വീണ്ടും തുടങ്ങി; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്
ഇരിട്ടി: സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ആറളം ഫാമിലെ കൃഷി ഇടങ്ങളില്‍ നിന്നും ആനയെ തുരത്തുന്ന രണ്ടാം ഘട്ട സാഹസികനടപടികള്‍ തുടങ്ങി. 8,9,10 മൂന്ന് ദിവസങ്ങളിലായി ഓപറേഷന്‍ എലിഫന്റ്‌സ് പദ്ധതിയുടെ ഭാഗമായി തുരത്തല്‍ വെളളിയാഴ്ച്ച രാവിലെ ഏഴു മണിയോടെ ഒന്നാംബ്ലോക്ക് നിന്നാണ് പുനരാരംഭിച്ചത്. വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശിക സുരക്ഷാഅംഗങ്ങളും ഉള്‍പ്പെടെ 15 പേര്‍ വീതമുള്ള മൂന്ന് സംഘങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ആനകളെ തുരത്തിയത്.
രണ്ട് സംഘങ്ങള്‍ ഫാം കൃഷിയിടത്തില്‍ നിന്നു ആനകളെ തുരത്തുമ്പോള്‍ മൂന്നാമത്തെ സംഘം പുനരധിവാസ മേഖലയില്‍ എത്തിക്കുന്ന ആനകളെ അവിടന്നു ഓടിക്കും. പടക്കം പൊട്ടിച്ചും ട്രാക്റ്റര്‍ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്.

കൃഷിയിടത്തില്‍ നിന്നും വെളിയില്‍ എത്തുന്ന ആനകളെ പുനരധിവാസ മേഖലയിലൂടെ കടത്തി വന്യജീവി സങ്കേതത്തില്‍ എത്തിക്കുകയാണ് തുരത്തലിന്റെ ലക്ഷ്യം . ഫാമിലെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 35 ലക്ഷം രൂപയോളം ചിലവില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചുകഴിഞ്ഞു . ഫാമിന്റെ പ്രധാന വരുമാന മാര്‍ഗം ആയ കശുവണ്ടി വിളവെടുപ്പ് ആനയുടെ ശല്യം കാരണം കൃത്യമായി നടത്താന്‍ കഴിയാതെ വന്നതോടെയാണ് ആനയെ തുരത്തല്‍ നടപടിയിലേക്ക് ഫാം അധികൃതര്‍ നീങ്ങിയത്.
ആനയെ തുരത്താനുള്ള ആദ്യഘട്ട നടപടികള്‍ പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു . പിന്നീട് നടന്ന സമവായ ചര്‍ച്ചയിലൂടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പുനരധിവാസ മേഖലയില്‍ നിന്നും അഞ്ചോളം ആനകളെ ആദ്യഘട്ടത്തില്‍ കാട്ടിലേക്ക് തുരത്തിയിരുന്നു
ഫാമിനുള്ളിലൂടെ ഉള്ള യാത്ര പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് ആനയെ തുരത്തല്‍നടപടികള്‍ വനം വകുപ്പ് നടത്തുന്നത് . പുനരധിവാസ മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ടി ആര്‍ ഡി എം ന്റെ നേതൃത്വത്തില്‍ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിച്ചും പ്രമോട്ടര്‍മാര്‍ മുഖാന്തിരവും ജനങ്ങളെ വീടുകളില്‍ തന്നെ സുരക്ഷിതരായികഴിയാന്‍അറിയിച്ചിട്ടുണ്ട് .
പരീക്ഷ കാലങ്ങളില്‍ ആറളം ഫാം സ്‌കൂളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . അതുപോലെ തന്നെ ആറളം വന്യജീവി സങ്കേതത്തിനും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ആവശ്യമായ സുരക്ഷാ മുന്കരുതലുകളോടെ ആണ് ആനയെ ഫാമില്‍ നിന്നും കാടുകയറ്റുന്നത് . ആനകള്‍ കാടുകയറിയാല്‍ ഉടന്‍ തന്നെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന താല്‍കാലിക വേലികള്‍ ചാര്‍ജ് ചെയ്ത് ആനകളെ കാട്ടില്‍ തന്നെ നിര്‍ത്തുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് തുടരും .
ആന മതില്‍ പൂര്‍ത്തിയാകുന്നതോടെ ആനയുടെ ആക്രമണം പൂര്‍ണ്ണമായും തടയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍. ആനകളെ കാട്ടില്‍ എത്തിക്കുന്നതോടെ ഫാമിന് വെളിയിലെ ജനവാസ മേഖലയില്‍ ആന എത്താനുള്ള സാധ്യത വളരെ കൂടുതലാണ് . കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് നടപ്പാക്കുന്ന സോളാര്‍ വേലി പദ്ധതി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications