എസ്ഡിപിഐ അല്ല, ലീഗാണ് ഞാന്‍, ഒറ്റ കേസുമില്ല; ബിജെപിയെ വെല്ലുവിളിച്ച് യെച്ചൂരി യാത്ര ചെയ്ത വാഹനത്തിന്റെ ഉടമ
കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം എസ് ഡി പി ഐ ബന്ധമുള്ള ക്രിമിനില്‍ കേസ് പ്രതിയുടേതെന്ന ബി ജെ പി ആരോപണത്തിനെതിരെ വാഹന ഉടമ സിദ്ദിഖ് പുത്തന്‍പുരയില്‍. തന്റെ പേരില്‍ നിലവില്‍ ഒരു കേസ് പോലുമില്ലെന്നും ബി ജെ പി ആരോപണങ്ങള്‍ ഒരു തരത്തിലും ശരിയല്ലെന്നും സിദ്ദിഖ് ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.
ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ വാഹനമാണ് സീതാറാം യെച്ചൂരി സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ ഉപയോഗിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയതെന്നും തന്റെ സുഹൃത്തിന് റെന്റിന് നല്‍കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് തന്റെ വാഹനമാണ് യെച്ചൂരി ഉപയോഗിച്ചതെന്ന വിവരം താന്‍ അറിഞ്ഞതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

താനൊരുസജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്. എന്നാല്‍ എസ് ഡി പി ഐ ആയി ചിത്രീകരിക്കാനുള്ള ബി ജെ പി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നും സിദ്ദിഖ് പുത്തന്‍പുരയില്‍ പറഞ്ഞു. തനിക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന് തെളിക്കാന്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നതായും സിദ്ദിഖ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ സീതാറാം യെച്ചൂരിയുടെ യാത്രക്കായാണ് പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നല്‍കിയത്.
Recommended Video

പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കിയിരുന്നു. ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 18 എബി 5000 എന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് യെച്ചൂരി ഉപയോഗിച്ചത്.
യെച്ചൂരി ഉപയോഗിച്ച ഈ വാഹനം ക്രിമിനല്‍ കേസ് പ്രതിയുടേതാണ് എന്നാണ് ബി ജെ പി ഉന്നയിച്ചത്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ബി ജെ പി, എസ് ഡി പി ഐ - സി പി ഐ എം ബന്ധം ആരോപിക്കാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബി ജെ പി ആരോപിച്ചിരുന്നു. എന്നാല്‍ ഇതാണ് സിദ്ദിഖ് പുത്തന്‍പുരയിലിന്റെ തുറന്നുപറച്ചിലിലൂടെ പൊളിഞ്ഞത്.












Click it and Unblock the Notifications