കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്തൂര്‍ വിഷയത്തില്‍ ശ്യാമളയ്‌ക്കെതിരെയുള്ള വിമര്‍ശനത്തില്‍ ഉറച്ചു നിന്ന് പി ജയരാജന്‍; സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പൂര്‍ണമായി തള്ളി ജയരാജന്‍ രംഗത്ത്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂര്‍ വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് പി.ജയരാജന്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും താന്‍ കൂടെ അംഗമായ സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പൂര്‍ണമായി തള്ളിക്കൊണ്ടാണ് ജയരാജന്‍ രംഗത്തെത്തിയത്. ഇതോടെ കണ്ണൂര്‍ സിപിഎമ്മിലെ വിഭാഗീയത അതിന്റെ പരമോന്നതയിലെത്തിയിരിക്കുകയാണ്.

കല്ലുപോലെ ഉറച്ച നിലപാടുമായി ജയരാജന്‍

കല്ലുപോലെ ഉറച്ച നിലപാടുമായി ജയരാജന്‍

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണായ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന തന്റെ വിവാദമായ പ്രസംഗത്തിലെ വരികള്‍ ആവര്‍ത്തിക്കുകയാണ്പി ജയരാജന്‍. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. പക്ഷേ അതില്‍ ഒരു കാലതാമസം വന്നാല്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, അത് നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. അത് ശ്യാമള ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. 'മലയാളം' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

പാർട്ടി ശ്യാമളയുടെ കൂടെ

പാർട്ടി ശ്യാമളയുടെ കൂടെ

ആന്തൂര്‍ വിഷയത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് വിരുദ്ധ നിലപാട് സ്വീകരിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയുമാണ് പി ജയരാജന്‍. ജയരാജന്‍ ധര്‍മശാലയില്‍ നടത്തിയ വിശദീകരണ പ്രസംഗം അതിരുകടന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി ഈ വിഷയത്തില്‍ പി.കെ ശ്യാമളയുടെ കൂടെയാണെന്ന വ്യകതമായ സന്ദേശവും നല്‍കി. ഈ വാക്കുകളെയാണ് ഇപ്പോള്‍ പി.ജയരാജന്‍ തള്ളിക്കളഞ്ഞത്.

പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം

പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം

പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് കുറ്റപ്പെടുത്തലുണ്ടായിട്ടും, കലാപം തുടരുകയാണെന്നതിന്റെ സൂചനയാണ് ജയരാജന്റെ പുതിയ അഭിമുഖം. പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ പി.ജയരാജന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം തുടരുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തിയത്. കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.കെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചതിനേയും കോടിയേരി വിമര്‍ശിച്ചിരുന്നു. സ്വന്തം അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജയരാജന്‍ ഇപ്പോഴും.

അടങ്ങിയില്ല കാറ്റും കോളും ആശങ്കയോടെ പാര്‍ട്ടി

അടങ്ങിയില്ല കാറ്റും കോളും ആശങ്കയോടെ പാര്‍ട്ടി

ജയരാജന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. പിണറായി പക്ഷത്തുള്ള നേതാക്കളും ഏറെ ആശങ്കയിലാണ്. അടിയന്തിര ജില്ലാകമ്മിറ്റി കൂടി ഈ വിഷയം ഇഴകീറി പരിശോധിക്കാനാണ് സിപിഎം തീരുമാനം. ആന്തൂര്‍ വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നതിനിടെ, എംവി ഗോവിന്ദനെതിരെ ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു എംഎല്‍എ ഉന്നയിച്ചത്. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

എംവി ഗോവിന്ദന്‍ മാസ്റ്റർക്കകെതിരെ ജെയിംസ് മാത്യു

എംവി ഗോവിന്ദന്‍ മാസ്റ്റർക്കകെതിരെ ജെയിംസ് മാത്യു

അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെ.ടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എം.വി ഗോവിന്ദന്‍ കെ.ടി ജലീലിന്റെ പി.എയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതി യോഗത്തില്‍ ചോദിച്ചിരുന്നു. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പി.കെ ശ്യാമള പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എം.വി ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചതുമില്ല.പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ജയിംസ് മാത്യു വാര്‍ത്ത നിഷേധിച്ചുകൊണ്ട് വാര്‍ത്താകുറിപ്പ് പുറത്തുവിട്ടെങ്കിലും ഇതില്‍ എങ്ങും തൊടാതെയുള്ള ഏതാനും വരികള്‍ മാത്രമാണുള്ളത്.

English summary
P Jayarajan stood firm in his criticism of Shyamala on the issue of Anthur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X