ബിജെപിയില്‍ ചേരുന്നുവെന്ന വ്യാജവാര്‍ത്ത: പ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍!!
കണ്ണൂര്‍: സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നുവെന്ന നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ജയരാജന്റെ ശക്തമായ മറുപടി. വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്: എന്നെ സംബന്ധിച്ച ഒരു വ്യാജ വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.
എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും. ഇതോടെ ഈ വ്യാജ വാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിവാരമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പിതൃ ശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്.

റിപ്പബ്ലിക് ദിനത്തില്‍ സഖാവ് കെവി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്‍ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ തിരുവോണ നാളില്‍ തന്നെയാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്. സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്ന മുന്നറിയിപ്പുമായാണ് പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് നിര്‍ത്തുന്നത്.












Click it and Unblock the Notifications