പത്മശ്രീ നാരായണൻ പെരുവണ്ണാൻ ബിജെപി അംഗത്വം സ്വീകരിച്ചു: തളിപ്പറമ്പ് കോൺഗ്രസിൽ ഗ്രൂപ്പ് പോര്
തളിപ്പറമ്പ്: പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടർന്ന് തളിപ്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ തർക്കം. നാരായണ പെരുവണ്ണാൻ കോൺഗ്രസുകാരനല്ലെന്ന് നിലവിലെ ഔദ്യോഗിക വിഭാഗം പറയുമ്പോൾ കോൺഗ്രസുമായി ബന്ധമുള്ളയാളാണ് അദ്ദേഹമെന്നാണ് വിമത വിഭാഗം പറയുന്നത്. ഈ വിഷയത്തിൽ ഇരു വിഭാഗവും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചു പോരു തുടങ്ങിയതോടെ കോൺഗ്രസിൻ ഗ്രൂപ്പ് പോര് മൂർച്ഛിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തില്‍ നിന്ന് നാരായണൻ പെരുവണ്ണാൻ ബി.ജെ.പി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണൻ പെരുവണ്ണാന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി പ്രതിനിധിയായി ഡയരക്ടറായിരുന്നു.

എന്നാൽ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
നാരായണ പെരുവണ്ണാന്‍ കോണ്‍ഗ്രസുകാരനല്ലെന്നും സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ നാരായണ പെരുവണ്ണാന്‍ ബി ജെ പിയില്‍ ചേര്‍ന്നു എന്നുള്ള നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരൂഹവുമാണെന്നും കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഇന്നേവരെയും കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയോ മഴ പെയ്യുമ്പോള്‍ പോലും കോണ്‍ഗ്രസ്സ് ഓഫീസിന്റെ വരാന്തയില്‍ പോലും കയറാത്ത വ്യക്തി എങ്ങനെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാകുമെന്നാണ് ഇവരുടെ ചോദ്യം.
തളിപ്പറമ്പ സര്‍വ്വീസ് ബാങ്കില്‍ ഏതാനും മാസം പട്ടികജാതി വിഭാഗത്തിന്റെ പ്രതിനിധിയായി നാരായണൻ പെരുവണ്ണാൻ ഡയറക്ടറായിരുന്നുവെന്ന കാര്യം യാഥാർത്ഥ്യമാണ്. ആരംഭന്‍ നാരായണന്‍ എന്ന ഡയറക്ടര്‍ നിര്യാതനായ ഒഴിവിലേക്ക് രണ്ടു വര്‍ഷമായി കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട വ്യക്തിയുടെ താല്‍പര്യപ്രകാരമാണ് ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കുകയോ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യാറില്ലെന്ന് മാത്രമല്ല തനിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞയാളാണ് നാരായൺ പെരുവണ്ണാൻ. അതുകൊണ്ട് പിന്നീട് നടന്ന ബാങ്ക് തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ പാർട്ടി സ്ഥാനാർത്ഥിയാക്കാതെ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ സ്വന്തക്കാരും ബന്ധുക്കളുമെല്ലാം സിപിഎമ്മിൻ്റെ സജീവ പ്രവര്‍ത്തകരുമാണ്.
സത്യം ഇതാണെന്നിരിക്കെ ഇയാള്‍ കോണ്‍ഗ്രസാണെന്ന് ചാപ്പ കുത്തുന്നതും കുപ്രചരണം നടത്തുന്നതും ദുരൂഹമാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതാണ് ഇദ്ദേഹത്തിൻ്റെ ബിജെപി പ്രവേശനമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു പത്മശ്രീ ലഭിച്ചപ്പോള്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ ബിജെപിയും സുരേഷ് ഗോപിയുമാണ് ഇതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പരസ്യമായി ഇദ്ദേഹം പരസ്യമായി നന്ദി പറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നാരായണൻ പെരുവണ്ണാൻ കോൺഗ്രസുകാരനാണെന്ന ദുഷ്ടലാക്കോടെയുള്ള പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എംഎന്‍ പൂമംഗലം, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ.ടിആര്‍ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു ഇതിനിടെ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍ പൂമംഗലത്തിന്റെയും മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസിന്റെയും അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ രംഗത്തെത്തി.
നാരായണന്‍ പെരുവണ്ണാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും 2017ല്‍ സീതീസാഹിബ് ഹൈസ്‌ക്കൂളില്‍ നടന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട് അഞ്ചു വര്‍ഷം ഡയരക്ടറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കല്ലിങ്കീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡിസിസി അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് നാരായണന്‍ പെരുവണ്ണാന്‍ യുഡിഎഫ് പാനലില്‍ സ്ഥാനാര്‍ത്ഥിയായത്. രാജ്യത്തിന്റെ പത്മശ്രീ ബഹുമതി ലഭിച്ച ഇദ്ദേഹത്തെ മുന്‍ ബാങ്ക് ഡയരക്ടര്‍ എന്ന നിലയില്‍ ആദരിക്കാനോ അംഗീകരിക്കാനോ തയ്യാറാവാതെ തങ്ങളാണ് കോണ്‍ഗ്രസെന്ന് കരുതി വിടുവായിത്തം പറയുന്നത് അവസാനിപ്പിക്കണമെന്നും കല്ലിങ്കീല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications