പളനി പീഡനക്കേസ്: യുവതി പണം തട്ടാന്‍ കെട്ടിച്ചമച്ചതെന്ന് പോലീസ്
തലശേരി: പളനി സ്ത്രീ പീഡനക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്. ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്നാണ് പൊലിസ്പറയുന്നത്. പണംതട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് പരാതിക്ക് പിന്നിലെന്നാണ് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ തെളിവുകള്‍ ശേഖ്‌രിച്ചു കഴിഞ്ഞാല്‍ പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവിനെതിരെ നടപടിയുണ്ടാകും.
തലശേരി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേഞ്ച് ഡി.ഐ.ജി ബി.വിജയകുമാരി അറിയിച്ചിരുന്നു. പീഡനം നടന്നതായി പറയുന്ന പളനിയിലെ ലോഡ്ജ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സംഘം അന്വേഷണം നടത്തിയിരുന്നു. ലോഡ്ജിലെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന മറ്റൊരു സംഘം തലശേരിയിലെത്തി പരാതിക്കാരിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ റിപോര്‍ട്ടും പരിശോധിച്ചു.

യുവതിക്ക് ശാരീരിക പരിക്കുകളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. തലശേരി ഡിവൈ.എസ്.പി ഓഫിസില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പോലിസ് വിട്ടയച്ചത്. യുവതി ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പ് കൂടി ലഭിച്ചശേഷം അന്തിമ നിഗമനത്തിലെത്താനാണ് തീരുമാനം. പളനിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയിലെടുക്കണോയെന്ന കാര്യത്തില്‍ തമിഴ്‌നാട് പോലിസ് തീരുമാനമെടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പോലിസില്‍ പരാതി നല്‍കി പളനിയിലെ ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പോലിസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞമാസം 20ാം തീയതി പളനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തില്‍ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതിക്ക് ഗുരുതരമായ പരുക്കൊന്നുമില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിയുകയായിരുന്നു.
പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പോലിസിനെ കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. തലശേരി നഗരത്തില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന യുവതി അതിക്രൂരമായ ലൈംഗീക ചൂഷണത്തിന് ഇരയായെന്ന പരാതി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് സംസ്ഥാന ഡിജി.പി അനില്‍കാന്ത് തമിഴ്‌നാട് പൊലിസിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ടീമായി ഡിണ്ടിഗല്‍ പൊലിസ് അന്വേഷണമാരംഭിച്ചത്.
എന്നാല്‍ തുടക്കത്തിലേ തന്നെ പരാതിയില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയ തമിഴ്‌നാട് പൊലിസ് പിന്നീട് നിര്‍ണായകമായ പല കണ്ടെത്തലുകളും നടത്തി.പരാതിക്കാരിയായ യുവതിയും ഭര്‍ത്താവെന്നു പറയുന്ന യുവാവും നിയമപരമായി വിവാഹം ചെയ്തവരല്ലെന്നും ലോഡ്ജില്‍ ഇവര്‍ തമ്മില്‍ മുറിയെടുത്തതിനു ശേഷം മദ്യപിച്ചു കലഹമുണ്ടായിരുന്നതായും പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണമുയരുന്നത്. മാത്രമല്ല യുവതി തനിക്കെതിരെ നല്‍കിയ പരാതിക്കെതിരെ പഴനിയിലെ ലോഡ്ജുടമ രംഗത്തു വന്നതും പൊലിസില്‍ പരാതി നല്‍കിയതും നിര്‍ണായക തെളിവായി മാറി. ലോഡ്ജിലെ രജിസ്റ്റര്‍ പ്രകാരം സഹോദരി-സഹോദരനെന്ന വ്യാജേനെയാണ് ഇവര്‍ പളനിയില്‍ മുറിയെടുത്തതെന്നും വ്യക്തമായിട്ടുണ്ട്.
അതിക്രൂരമായ പീഡനം നടന്നുവെന്നാണ് യുവതി പൊലിസില്‍ മൊഴി നല്‍കിയത്.തന്നെ പിടിച്ചു കെട്ടി ലൈംഗീകപീഡനത്തിനിരയാക്കിയ സംഘം ബിയര്‍ കുപ്പിക്കൊണ്ട്് രഹസ്യഭാഗങ്ങളില്‍ കുത്തിയെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ വളരെ നിസാരമായ പരുക്കുകള്‍ മാത്രമേ യുവതിക്കുള്ളൂവെന്ന് തെളിയുകയായിരുന്നു. ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജായതിനു ശേഷമാണ് പൊലിസ് ചോദ്യം ചെയ്തത്.












Click it and Unblock the Notifications