പാനൂർ ബോംബ് സ്ഫോടനം; കാരണം ക്രിമിനൽ സംഘങ്ങളുടെ കുടിപ്പക, മുഴുവൻ പ്രതികളും പിടിയിലായി
തലശേരി : പാനൂർ ബോംബ് സ്ഫോടനത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. ഇതോട ഈ കേസിൽ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ബോംബു നിർമ്മാണ സ്ഥലത്തുണ്ടായിരുന്നത് കൊല്ലപ്പെട്ട ഷെറിൻ ഉൾപെടെയുള്ള പന്ത്രണ്ട് പേരാണെന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലായ പ്രതികളെ കൂടാതെ രണ്ടു പേർ കൂടി കസ്റ്റഡിയിലുണ്ട്.
ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലും അക്ഷയുമാണ് പിടിയിലായത്. ഉദുമൽപേട്ടയിൽ ഒളിവിലായിരുന്നു ഇരുവരും. തലശേരി എ.സി.പി കെ.വി വേണ്ടു ഗോപാലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അതേസമയം, പാനൂരിലെ ബോംബ് നിർമാണത്തിന് പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണെന്ന വിവരവും കാരണമായിട്ടുണ്ടെന്നു പൊലിസ് പറയുന്നുണ്ട്. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെ, പിടിയിലായ എല്ലാവർക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു വെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ബി.ജെ.പി പ്രവർത്തകൻ ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷം ഉണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്
അറസ്റ്റിലായ എല്ലാവർക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് പോയെന്ന് സിപിഎം പറയുന്ന അമൽ ബാബുവും മറ്റ് നാല് പേരുമാണ് ബോംബുകൾ ഒളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. തെളിവ് നശിപ്പിക്കാനും ഇവർ ശ്രമിച്ചു. വേറെയും ക്രിമിനൽ കേസുകൾ പ്രതികൾക്കെതിരെയുണ്ട്. അതേസമയം, സ്റ്റീൽ ബോംബുണ്ടാക്കുന്ന വൈദഗ്ധ്യം ഇവർക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഇപ്പോഴും അന്വേഷണത്തിൽ ഉത്തരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications