പാനൂർ ബോംബ് സ്ഫോടന കേസ്; കുറ്റപത്രം സമർപ്പിച്ചില്ല, രണ്ട് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ചു
കണ്ണൂർ: അന്വേഷണ സംഘം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ അനാസ്ഥ കാണിച്ച പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ക്കുകൂടി കോടതി ജാമ്യം അനുവദിച്ചു ഉത്തരവ്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ആറാം പ്രതി മീത്തലേ കുന്നോത്ത് പറമ്പിലെ ചിറക്കണ്ടിമ്മല്‍ സി സായൂജ് (24), കുന്നോത്ത് പറമ്പിലെ അമല്‍ ബാബു (29) എന്നിവര്‍ക്കാണ് തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.
90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. വെള്ളിഴാഴ്ച മൂന്നാംപ്രതി ചെണ്ടയാട് ഉറവുള്ളകണ്ടിയില്‍ ഒ.കെ അരുണ്‍ (28), നാലാംപ്രതി ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (25), അഞ്ചാംപ്രതി കുന്നോത്ത്പറമ്പ് കിഴക്കയില്‍ കെ.അതുല്‍ (28) എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ റിമാന്‍ഡിലുള്ള 12 പേരില്‍ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചു.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് പാനൂര്‍ കുന്നോത്ത്പറമ്പ് മുളയാത്തോടിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ സിപിഎം പ്രവര്‍ത്തകന്‍ എലിക്കൊത്തന്റവിട ഷെറില്‍ (31) കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രതികൾ മുഴുവൻ ഡിവൈഎഫ്ഐ ഭാരവാഹികളും സിപിഎം പ്രവർത്തകരുമാണ്.
പോലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്നതിൽ വീഴ്ച്ച വരുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വൈകിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാനൂർ ചെറ്റക്കണ്ടിയിൽ നടന്ന ബോംബ് സ്ഫോടനം ഏറെ രാഷ്ട്രീയവിവാദമുണ്ടാക്കുകയും സി.പി.എം പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് രാഷ്ട്രീയ സമ്മർദ്ദം കാരണം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിൽ അന്വേഷണ സംഘം അനാസ്ഥ കാണിച്ചു വെന്ന ആരോപണം ഉയരുന്നത്. ബോംബ് നിർമ്മാണത്തിനിടെയാണ് ഉഗ്രസ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. എന്നാൽ ഇരുസംഘങ്ങൾ തമ്മിലുള്ള പ്രാദേശിക തർക്കത്തിന്റെ പേരിലാണ് ബോംബ് നിർമ്മാണം നടത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications