പാനൂര്‍ വിഷ്ണുപ്രിയയുടെ കൊലപാതകം; മാനന്തേരി സ്വദേശി കസ്റ്റഡിയില്‍
പാനൂര്‍: പാനൂരില്‍ വീട്ടിനകത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ന് രാവിലെയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് മരണം നടന്ന വീട്ടില്‍ നിന്ന് കുളിച്ച് വസ്ത്രം മാറുന്നതിന് വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകള്‍ തിരിച്ചെത്താന്‍ വൈകിയതോടെ അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് രാവിലെ 10 മണിയോടെ ആണ് സംഭവം നടന്നത് എന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ മരണാനന്തരചടങ്ങിനായി എല്ലാവരും പോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയും ബന്ധുവീട്ടിലായിരുന്നു.

സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലും സമീപത്തെ വീട്ടിലും ആരുമുണ്ടായിരുന്നില്ല. സമീപത്തെ മരണവീട്ടിലെ ബഹളം കാരണമായിരിക്കാം പെണ്‍കുട്ടിയുടെ കരച്ചിലൊന്നും കേള്‍ക്കാതെ പോയത് എന്ന നിഗമനത്തിലാണ് പൊലീസ്.

അയല്‍ക്കാരനാണ് മുഖം മൂടി ധരിച്ച ഒരാളെ വീടിന് പരിസരത്ത് കണ്ടത്. ഈ മൊഴി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടിലെ വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് പൊലീസ് പറയുന്നു. സ്വകാര്യലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.

വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചാണെന്ന് അറിഞ്ഞിട്ടാണ് പ്രതി വീട്ടിലെത്തിയത്. കൃത്യമായ ആസൂത്രണം നടത്തിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈകളിലും മാരകമായ മുറുവുകളുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി യുവാവ് ബന്ധപ്പെട്ടാണ് വിവരം.












Click it and Unblock the Notifications