'കൂസലില്ലാതെ ശ്യാംജിത്ത് തെളിവെടുപ്പിന്, അഞ്ചാം പാതിര പ്രചോദനമായി'; സുഹൃത്തിനെ വധിക്കാനും പദ്ധതി
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കൊലയ്ക്ക് വേണ്ടി ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് ആയുധങ്ങള്‍ ബാഗിലാക്കി ഉപേക്ഷിച്ചത്. ഇന്ന് രാവിലെ പ്രതി ശ്യാംജിത്തുമായി പൊലീസ് അവിടെയെത്തി തെളിവുകള്‍ ശേഖരിച്ചു. ആയുധങ്ങള്‍ ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, കത്തി, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കത്തി എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.

ഇവ കൂടാതെ കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം മാസ്‌ക്, തൊപ്പി എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് പ്രതി ആയുധങ്ങള്‍ കാണിച്ചുകൊടുത്തത്.

തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി മുളകുപൊടി കരുതിയതെന്നാണ് പൊലീസ് നിഗമനം. മറ്റൊരു പുരുഷന്റെ മുടി കയ്യില്‍ കരുതിയത് അന്വേഷണം വഴിതിരിച്ചുവിടുന്നതിന് വേണ്ടിയാണ്. വിഷ്ണുപ്രിയയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും ബാഗിലുണ്ടായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതിന് വേണ്ടി കൃത്യമായ ആസൂത്രണമാണ് പ്രതി നടത്തിയത്. കൊലയ്ക്ക് ശേഷം അച്ഛന്റെ ഹോട്ടലില്‍ സഹായിക്കാനായി പ്രതി എത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ നാടുവിടാനാണ് പ്രതി പദ്ധതിയിട്ടത്. എന്നാല്‍ പൊലീസിന്റെ കൃത്യമായ അന്വേഷണം പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കുകയായിരുന്നു.

പ്രതി വീട്ടിലേക്ക് എത്തുമ്പോള്‍ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സമയത്തെ നിലവിളി പ്രതിയെ കുടുക്കാന്‍ സഹായിച്ചു. സംസാരിച്ച് തീരുന്നതിന് മുമ്പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പൊലീസ് എത്തുമ്പോള്‍ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി സംസാരിച്ച ആളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ ശ്യംജിത്ത് എന്ന് പേര് വിളിച്ച് വിഷ്ണുപ്രിയ നിലവിളിച്ചെന്നും പിന്നീട് വിളിച്ചിട്ട് കിട്ടിയില്ലെന്നുമാണ് അദ്ദേഹം പൊലീസിനോട് പറഞ്ഞത്. അഞ്ച് വര്‍ഷമായി വിഷ്ണുപ്രിയ സുഹൃത്താണെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ശ്യാംജിത്ത് എന്ന് പേരുള്ള യുവാവിന്റെ നമ്പര്‍ കിട്ടി. ആ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ശ്യാംജിത്താണ് കൊലയാളിയാണെന്ന് മനസിലായത്.

ആളെ കണ്ടെത്തുമ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്റെ ഹോട്ടലില്‍ ശ്യാംജിത്ത് ജോലി ചെയ്യുകയായിരുന്നു. ആദ്യം ശ്യാംജിത്ത് പൊലീസിനോട് എല്ലാം നിഷേധിച്ചു. എന്നാല്‍ പിന്നീട് രക്ഷയില്ലെന്ന് കണ്ടതോടെ എല്ലാം ഏറ്റുപറയുകയായിരുന്നു. വിഷ്ണുപ്രിയയുമായി അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍ മൂന്ന് മാസമായി തന്നെ അവഗണിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അതേസമയം, കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാംപാതിര എന്ന സിനിമ പ്രതിക്ക് പ്രചോദനമായെന്ന വിവരവും പൊലീസ് പങ്കുവയ്ക്കുന്നു. തെളിവെടുപ്പ് കഴിഞ്ഞ് പോകുമ്പോള്‍ പൊലീസ് വണ്ടിയില്‍ നിന്നാണ് പ്രതി ഇക്കാര്യം തുറന്നുപറഞ്ഞത്. വിഷണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ വധിക്കാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തും വിഷ്ണുപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതി സംശയിച്ചിരുന്നു. ഇത് വിഷ്ണുപ്രിയയുടെ സുഹൃത്തിനോടുള്ള വിരോധത്തിന് കാരണമായെന്നാണ് പൊലീസ് നല്‍കുന്ന വിവരം.












Click it and Unblock the Notifications