പാനൂർ വിഷ്‌ണുപ്രിയ വധക്കേസ്; വാദം പൂർത്തിയായി, മെയ് എട്ടിന് വിധി പറയും
തലശേരി: പ്രണയാഭ്യര്‍ഥന നിരസിച്ച വിരോധത്തില്‍ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചാന്‍ കണ്ടിവീട്ടില്‍ വിവിഷ്‌ണുപ്രിയയെ (23) വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ വാദം പൂര്‍ത്തിയായി. നാടിനെ നടുക്കിയ വിഷ്‌ണുപ്രിയ വധക്കേസില്‍ അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്‌ജി എവി മൃദുല മെയ് എട്ടിന് വിധിപറയും. കണ്ണൂര്‍ കൂത്തുപറമ്പിനടുത്തെ മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി.
2022 ഒക്ടോബര്‍ 22ന് ഉച്ചയ്ക്കാണ് കേസിനാആസ്‌പദമായ സംഭവം. 2023 സെപ്റ്റംബര്‍ 21നാണ് വിചാരണ തുടങ്ങിയത്. കേസില്‍ 73 സാക്ഷികളാണുള്ളത്. പാനൂരില്‍ ഫാര്‍മസിസ്‌റ്റായിരുന്നു വിഷ്‌ണുപ്രിയ. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവും ശാസ്ത്രീയത്തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയില്‍നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കി.
വിഷ്‌ണുപ്രിയ വീട്ടില്‍ തനിച്ചായ സമയത്ത് ബാഗില്‍ മാരകായുധങ്ങളുമായെത്തിയാണ് പ്രതി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം ഇരുകൈകള്‍ക്കും പരിക്കേല്‍പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലനടത്തിയ ശേഷം രക്ഷപ്പെട്ട ശ്യാംജിത്തിനെ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ ചായക്കടയില്‍നിന്ന് അന്വേഷക സംഘം പിടികൂടി.
പ്രതി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വിഷ്‌ണുപ്രിയയെ വധിക്കാനായി ഉപയോഗിച്ച കത്തിയുള്‍പ്പെടെ വാങ്ങിയത് കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ശ്യാംജിത്തിന്റെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും വീടിനടുത്തെ ഒരുകുളത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
താനുമായി സൗഹര്‍ദമുണ്ടായിരുന്ന വിഷ്‌ണുപ്രിയ മറ്റൊരാളുമായി സോഷ്യല്‍മീഡിയയിലൂടെ ബന്ധം പുലര്‍ത്തുകയും തന്റെ അവഗണിക്കുകയും ചെയ്‌തുവെന്ന വൈരാഗ്യത്തിലാണ് ശ്യാംജിത്ത് കൊല നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊല്ലപ്പെടുന്ന സമയത്ത് പെൺകുട്ടിയയുടെ ഫോണിലെ വീഡിയോകോള്‍ ദൃശ്യം കേസില്‍ നിര്‍ണായകമായ തെളിവായി പരിഗണിച്ചിരുന്നു.












Click it and Unblock the Notifications