നന്മയുടെ പ്രകാശമായി കെഎസ്ഇബി ജീവനക്കാര്‍, ഒറ്റ മുറിയില്‍ താമസിക്കുന്ന വയോധികയ്ക്ക് വെളിച്ചമെത്തിച്ചു
തലശേരി: ഓണക്കാലം പൂവിടാനും സദ്യയുണ്ണാനും ആഘോഷിക്കാനും മാത്രമുള്ളതല്ല മാവേലിയെന്ന രാജാവിന്റെ നന്മയുടെയും മനുഷ്യസ് നേഹത്തിന്റെയും വിളംബര കാലം കൂടിയാണത്. ഇതൊക്കെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ കഴിയുമോയെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാനൂരിലെ കെഎസ്ഇബി ജീവനക്കാര്‍ നമുക്ക് മുന്‍പില്‍ കാണിച്ചുതരുന്നത്. പാനൂരിനടുത്തെ മാക്കുല്‍ പീടികയില്‍ ഒറ്റമുറി വീട്ടില്‍ രാത്രികാലങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തില്‍ കഴിയുന്ന വയോധികയ്ക്കു സൗജന്യമായി വെളിച്ചമേകിയാണ് പാനൂരിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ നന്മയുടെ പ്രകാശമായി മാറിയത്.
ദിവസങ്ങള്‍ക്കു മുന്‍പ് മാക്കൂല്‍ പീടിക ഭാഗത്ത് വൈദ്യുത ലൈനുകള്‍ക്ക് മുകളില്‍ അപകടകരമായി ചാഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ പോയതാണ് സംഭവങ്ങളുടെ തുടക്കം. അപ്പോഴാണ് ഇവര്‍ ഒറ്റമുറി വീട്ടില്‍ ഇരുട്ടില്‍ കഴിയുകയായിരുന്ന മൊകെരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന കുണ്ടം ചാലില്‍ ജാനു വിന്റെ കഥയറിയുന്നത്. ഓവര്‍സിയര്‍ ന'വി ദിനേശന്‍ ഓഫിസിലെത്തി ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് ചോദിക്കുകയായിരുന്നു എല്ലാവരും താല്‍പര്യത്തോടെ തല കുലുക്കിയതോടെ സംഗതി സ്പീഡായി.

സര്‍വീസില്‍ നിന്നും വിരമിച്ച അബ്ദുള്ള സന്തോഷത്തോടെ വയറിങ്ങ് ജോലി ഏറ്റെടുത്തതോടെ കാര്യങ്ങള്‍ എളുപ്പമായി. ഓണസമ്മാനമായി വീട്ടില്‍ വെളിച്ചമെത്തിയതോടെ ജാനുവിന്റെ സന്തോഷത്തിനും അതിരില്ലാതെയായി. മുഖത്തു വിരിഞ്ഞ പ്രകാശം മറച്ചുവയ്ക്കാതെ നിറകണ്ണുകളോടെയാണ് അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞത്. സ്വിച്ച്ഓണ്‍ കര്‍മ്മം എക്‌സിക്യൂട്ടിവ് എന്‍ജിനയര്‍മഹിജ നിര്‍വഹിച്ചു. പാനൂര്‍ അസി. എന്‍ജിനിയര്‍ എം. അനു പ്രീയ അധ്യക്ഷയായി. പാനൂര്‍ സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുധീഷ്, വാര്‍ഡംഗം പ്രസന്നകുമാരി , പാനൂര്‍ ഓവര്‍സീയര്‍ കെ.സി വിജേഷ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications