കുട്ടികളുടെ അഭിപ്രായങ്ങള്‍ തള്ളി കളയാതെ രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളണം: മുഖ്യമന്ത്രി
കണ്ണൂര്‍: കുട്ടികളുടെ അഭിപ്രായങ്ങള്‍ അവഗണിക്കുകയല്ല, ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിര്‍ന്നവര്‍ക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താന്‍ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളില്‍ വന്നാല്‍ സമൂഹത്തില്‍ ക്രമേണ മാറ്റം ഉണ്ടാക്കാനാവും.
അങ്ങനെയാണ് നാം അക്ഷരാര്‍ഥത്തില്‍ ബാലസൗഹൃദമായി മാറുന്നത്-കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ധര്‍മ്മടം നിയോജക മണ്ഡല സെമിനാര്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് അഭിപ്രായം പറയാനാവാതെ അകന്നുനില്‍ക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയില്‍ മാറ്റം വരേണ്ടതുണ്ട്.

കൂടുതല്‍ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് പൂര്‍ണതയുള്ളവരാണ് കുട്ടികള്‍. അവരുടെ വ്യക്തിത്വത്തെ പൂര്‍ണമായി മാനിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയണം. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കുന്നത്. അംഗന്‍വാടികള്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി വിപുലീകരിക്കും.
ഒരു വര്‍ഷം കൊണ്ട് 14 കോടി രൂപ ചെലവില്‍ 64 അംഗന്‍വാടികളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇത്തരത്തില്‍ 155 അംഗന്‍വാടികളുടെ നിര്‍മ്മാണം സംസ്ഥാനത്താകെ നടന്നുവരികയാണ്. പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പൈലറ്റ് അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ 142 അംഗന്‍വാടികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നു. അംഗന്‍വാടികളെ കമ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളാക്കി വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.
അംഗന്‍വാടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കുമാരി ക്ലബുകളെ പുനരുജ്ജീവിപ്പിച്ച് വര്‍ണക്കൂട്ട് എന്ന പേരില്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതിവിവര റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ ശാരീരികവും സാമൂഹികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 'കുട്ടികളുടെ കേരളം' എന്ന ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയില്‍ 1206 കുട്ടികള്‍ക്ക് 12 കോടി രൂപ ലഭ്യമാക്കി.
അംഗന്‍വാടികള്‍ മുഖേന ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും ലഭ്യമാക്കുന്ന പോഷകബാല്യം പദ്ധതിക്കായി 61.5 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി രൂപയും വകയിരുത്തി. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളില്‍ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ പുനരധിവാസ പാക്കേജ് തയ്യാറാക്കി. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ നിക്ഷേപിക്കും.
ഓരോ കുട്ടിക്കും 18 വയസ്സ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. മറ്റ് അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇതിന് ഇത്തവണത്തെ ബജറ്റില്‍ രണ്ട് കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രീ, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യല്‍ പോളിസി ചീഫ് കെ എല്‍ റാവു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവി, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ സി വി വിജയകുമാര്‍, റെനി ആന്റണി, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൈല്‍ഡ് മെന്റര്‍ അജ്‌ന പര്‍വീണ്‍, ഡോ. മോഹന്‍ റോയ്, കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി പി സദാനന്ദന്‍ എന്നിവര്‍ വിഷയാവതണം നടത്തി.












Click it and Unblock the Notifications