യാത്രക്കാരന്‍ കനാലില്‍ വീണുമരിച്ച സംഭവം: പരിശോധനയ്‌ക്കെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍
കണ്ണൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കനാലില്‍ വീണുമരിച്ച സംഭവത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലാണ് സംഭവം. റോഡ് പണി കഴിഞ്ഞു മാസങ്ങളായിട്ടും അപകടരമായ കനാല്‍ റോഡിന് കൈവരി സ്ഥാപിച്ചിരുന്നില്ല. സ്‌കൂട്ടര്‍ യാത്രക്കാരനായ കാവും ചാലിലെ സി.ഒ ഭാസ്‌കരന്റെ (54) അപകടമരണത്തിന് ഇതാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കൈവരി സ്ഥാപിക്കാന്‍ അളവെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് രോഷാകൂലരായ നാട്ടുകാര്‍ തടഞ്ഞത്. നേരത്തെ നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും എക്സിക്യൂട്ടീവ് എന്‍ജിനിയറും സംഘവും തയ്യാറായിരുന്നില്ല. ഈ അനാസ്ഥയാണ് ഭാസ്‌കരന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

അപകട വിവരമറിഞ്ഞത് മുതല്‍ നാട്ടുകാര്‍ ഈ സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഇതിനിടയില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറും സംഘവും സ്ഥലത്തെത്തി. കൈവരി നിര്‍മിക്കാനായി വാഹനത്തില്‍നിന്നും ടാപ്പെടുത്ത് അളവെടുപ്പു തുടങ്ങിയതോടെ പ്രകോപിതരായ ജനങ്ങള്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ഇതോടെ സ്ഥിതി വഷളാകും മുന്‍പേ അധികൃതര്‍ വാഹനത്തില്‍ കയറി മടങ്ങുകയായിരുന്നു.
ഇതിനിടെ അപകടത്തില്‍ മരിച്ച ഭാസ്‌കരന്റെ മൃതദേഹം ബുധനാഴ്ച്ച ഉച്ചയോടെ വീട്ടിലെത്തിച്ചു പൊതുദര്‍ശനത്തിന് വെച്ചു. വിവിധ മേഖകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.












Click it and Unblock the Notifications