പാട്ടുപാടി സമാഹരിച്ച തുക വയനാടിനായി ദുരിതാശ്വാസനിധിയിലേക്ക് കൈമാറി പാട്ടുപെട്ടി
തലശേരി: ചൊക്ലിയിലെ വീഥികളിലൂടെ പാട്ടുപാടി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 20,000 രൂപ ചൊക്ലി പാട്ടുപെട്ടിയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിയമസഭാ സ്പീക്കര്‍ അഡ്വ. എഎന്‍ ഷംസീറിന് കൈമാറി. ചൊക്ലി - പാനൂര്‍ മേഖലകളിലെ പൊതുപരിപാടികളില്‍ ശ്രുതിമധുരമായ ഗാനങ്ങളാലാപിച്ചുകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ പാട്ടുപെട്ടിയുടെ സംഘാടകര്‍ ചൊക്ലിയിലെ ബാലസംഘം പ്രവര്‍ത്തകരും രക്ഷാധികാരികളുമാണ്. സമ്മേളനവേദികളില്‍ സ്വാഗതഗാനങ്ങള്‍ ആലപിച്ച് പാട്ടുപെട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സഹജീവികളുടെ ജീവനും ജീവിതവും തകര്‍ത്തെറിഞ്ഞ പ്രകൃതി ദുരന്തത്തില്‍ പെട്ടുപോയ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി പാട്ടുപെട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങി. ഇമ്പമേറും ഗാനങ്ങള്‍ വീണ്ടും ആലപിച്ചു. ചൊക്ലിയിലെ വീഥികളിലൂടെ പാട്ടുപെട്ടിയുടെ പാട്ടുപെട്ടിയോടൊപ്പം കൂട്ടുകാരും സഞ്ചരിച്ചു. ഫെബിന്‍, ശ്രീലക്ഷ്മി, ഗോപിക ഗോകുല്‍ദാസ്, ഇപ്ഷിത, സായ എസ് ശ്യാം, സാന്‍വിയ കൃഷ്ണ, റോണ ചന്ദ്രന്‍ എന്നീ കൂട്ടുകാര്‍ ഗാനങ്ങള്‍ ആലപിച്ചു.

കോര്‍ഡിനേറ്റര്‍മാരായ ടി.ടി.കെ ഷാജി, അനില്‍കുമാര്‍, രക്ഷാധികാരി പി കെ വിനീഷ്, സുന്ദരന്‍, അശ്വഘോഷ്, ആദിഷ്, ചന്ദ്രന്‍ ടി പി, വിനോദ് ആര്‍ പി, ഷൈജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത് പാട്ടുപെട്ടിയെ അനുഗമിച്ചു.വയനാട് ദുരിതബാധിതരെ സഹായിക്കാനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.
ഓട്ടോ തൊഴിലാളി യൂനിയന്‍ (സി ഐ ടി യു ) പാനൂര്‍ ഏരിയയിലെ 27 ഡിവിഷനുകളിലെ 513 ഓട്ടോറിക്ഷകള്‍ ഒരു ദിവസം ഓടിക്കിട്ടിയ 3,02,030 രൂപയാണ് ചൊക്ലി മൊയാരത്ത് ശങ്കരന്‍ സ്മാരക മന്ദിരം ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ക്ക് കൈമാറിയത്. സിഐടിയു. ഓട്ടോ തൊഴിലാളി യൂനിയന്‍ പാനൂര്‍ ഏരിയ പ്രസിഡന്റ് വികെ രാഗേഷ്, സെക്രട്ടറി കെ. സുജിത്ത്, സി ഐ ടി യു ഏരിയ പ്രസിഡന്റ് കെ.കെ സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പാനൂര്‍ ഏരിയ കമ്മിറ്റി ചൊക്ലി ടൗണില്‍ ചായ വിറ്റ് കിട്ടിയ 10, 000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സ്പീക്കര്‍ക്ക് കൈമാറിയത്.












Click it and Unblock the Notifications