പവിത്രന്‍വധം: പ്രതികളിലൊരാള്‍ പതിനാല് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
തലശേരി: പതിനാലു വര്‍ഷം മുന്‍പ് കണ്ണവത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കണ്ണവത്തെ ഗണപതിയാടന്‍ പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ തലശേരി ഇടത്തിലമ്പലത്തെ എന്‍.പി റജുലിനെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി വിക്രമന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു ചെയ്തത്. ഇടത്തിലമ്പലത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ മൊഴിയിലാണ് അന്വേഷണം റജുലിലേക്ക് എത്തിയത്. ഫസല്‍ വധക്കേസിലും കുപ്പി സുബീഷ് നല്‍കിയ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു. പവിത്രന്‍ വധക്കേസില്‍ ഇനി മൂന്നുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവര്‍ മറ്റൊരുകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

കോടതിയുടെ പ്രൊഡക്ഷന്‍ വാറന്‍ഡ് പ്രകാരം ഇവരെ അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 2009-മാര്‍ച്ച് 27-നായിരുന്നു പവിത്രനെ ഒരു സംഘം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.ദേശാഭിമാനി ഏജന്റായിരുന്ന പവിത്രന്‍ പത്രവിതരണത്തിനായി പുലര്‍ച്ചെ പോകുമ്പോഴാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം വാഹനമിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുന്നത്.
ഈ കൊലപാതകത്തില്‍ ആറു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റിലായ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയാണ് ഈകേസില്‍ വഴിത്തിരിവായത്.
ഫസല്‍ വധക്കേസില്‍ കുപ്പിസുബീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ ശബ്ദരേഖ പൊലിസ്പുറത്തുവിട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് പവിത്രന്റെ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളല്ല അറസ്റ്റിലായതെന്ന് മൊഴിനല്‍കിയത്. ഫസല്‍ വധക്കേസിലെതു പോലെ പവിത്രന്‍ വധത്തിലും തനിക്കും മൂന്നു പേര്‍ക്കും പങ്കുണ്ടെന്നാണ് സുബീഷ് പൊലിസിന് മൊഴി നല്‍കിയത്.
ഇതേ തുടര്‍ന്നാണ് കണ്ണവം പൊലിസില്‍ നിന്നും അന്വേഷ.ം ക്രൈം ബ്രാഞ്ചിന് കൈമാറി. വര്‍ഷങ്ങള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ മറ്റൊരു പ്രതികൂടി പിടിയിലാകുന്നത്. ഗണപതിയോടന്‍ പവിത്രന്‍ വധക്കേസില്‍ മൂന്നുപേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവര്‍മറ്റൊരു കേസില്‍ ജയിലിലായതിനാല്‍ അറസ്റ്റു ജയിലില്‍വെച്ചാണ് രേഖപ്പെടുത്തുകയെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications