വയോധികയുടെ മരണത്തില്‍ ദുരൂഹത: ആഭരണങ്ങള്‍ കണ്ടെത്തുന്നതിനായി കിണറ്റില്‍ പരിശോധന നടത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റിയില്‍ വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദുരൂഹത മാറ്റാന്‍ പൊലിസ് കിണറ്റിലെ വെള്ളം പരിശോധിക്കാന്‍ തീരുമാനിച്ചു. പയ്യന്നൂര്‍ കൊറ്റിയിലെ സുരഭി ഹൗസില്‍ സുലോചനയുടെ (76) മരണത്തിലെ ദുരൂഹത മാറ്റുന്നതിനാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഇവരുടെ ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണാഭാരണങ്ങള്‍ കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതമാണോയെന്ന സംശയം ഉയര്‍ന്നത്. ഇതോടുകൂടിയാണ് പയ്യന്നൂര്‍ പൊലിസ് സമഗ്രാന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ആഭരണങ്ങള്‍ കിണറ്റിലുണ്ടോയെന്ന് കണ്ടെത്തുന്നതിനായി കിണറ്റിലെ വെള്ളം പൂര്‍ണമായി വറ്റിച്ചാണ് പരിശോധന നടത്തുക. കിണര്‍ വെള്ളത്തില്‍ വീണ് ശ്വാസംമുട്ടിയാണ് സുലോചന മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിക്കുന്ന സൂചന. ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തിന്റെകഴുത്തില്‍ കാണപ്പെട്ട ചെറിയ മുറിവ് മരണകാരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവശേഷിക്കുന്ന മുഖ്യമായ സംശയങ്ങളിലൊന്ന് മൃതദേഹത്തില്‍ ആഭരണങ്ങള്‍ കണ്ടെത്താത്തതാണ്. ഈ സംശയം ദുരീകരിക്കുന്നതിനാണ് കിണറ്റില്‍ പരിശോധന നടത്തുന്നത്.

അതേസമയം മൃതദ്ദേഹത്തിന്റെ വിരലില്‍ മുറുകി കിടക്കുന്ന മോതിരം അവിടെ തന്നെ മുറുകി കിടക്കുന്നതും കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നുണ്ട്. വയോധികയുടെ മരണം നടന്നത് പകല്‍ സമയത്താണെന്നും അയല്‍ വീടുകള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ബന്ധുക്കള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കിണര്‍ വറ്റിച്ചുള്ള പരിശോധന നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് കാണാതായ സുലോചനയുടെ മൃതദേഹമാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വൈകുന്നേരം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും ഇവരുടെ ആഭരണങ്ങള്‍ കാണാതായതും ചെരുപ്പുകള്‍ കിണറില്‍ നിന്നും ഇരുപതോളം മീറ്റര്‍ അകലെ വ്യത്യസ്തമായ ഇടങ്ങളില്‍ കാണപ്പെട്ടതും സംശയത്തിന് കാരണമായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications