മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നു: എഐവൈഎഫ്
ഇരിട്ടി: മാവേയിസ്റ്റ് വേട്ടയുടെ പേരില്‍ കണ്ണൂരിലെ മലയോര മേഖലയില്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കണമെന്ന് എ.ഐ.വൈ.എഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിന്റെ മലയോര മേഖലകളില്‍ പരസ്പരം ഉള്ള വെടിവെപ്പും മറ്റും മലയോര മേഖലയിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടബാധ്യത ഭരണകൂടത്തിനുണ്ടെന്നും കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിരവധി കാലമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോയിസ്റ്റ് വേട്ടക്ക് എന്ന പേരില്‍ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇതെല്ലാം പലപ്പോഴും പൊതുജനത്തിന്റെ സുരക്ഷിത ജീവിതത്തിന് ഭീഷണിയാകാറുണ്ട്.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റ് വേട്ടയുടേയും മറ്റും പേരില്‍ ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയും മറ്റനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ജനങ്ങളില്‍ ആശങ്ക കൂട്ടാനും അതുവഴി മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് പോലെ പൊതുജനം ഭരണകൂടത്തിനെതിരെ ആവാനും മാത്രമേ സഹായിക്കുകയുള്ളൂ. ഈ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും വേണമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം വ്യക്തമാക്കി.

ഇതിനിടെ അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയില്‍ പൊലിസുമായി വെടിവയ്പ്പുനടത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുവനിതകള്‍ തലശേരിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തലശേരി ടൗണില്‍ പൊലിസ് തെരച്ചില്‍ നടത്തി. തലശേരി റെയില്‍വെ സ്‌റ്റേഷന്‍, പഴയബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, കെ. എസ്. ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, തലശേരി കടല്‍പാലം എന്നിവടങ്ങളിലാണ് പൊലിസ് ബുധനാഴ്ച്ച രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയത്.ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ ചൂരിദാര്‍ ധരിച്ച രണ്ടു മാവോയിസ്റ്റ് വനിതകള്‍ തലശേരി നഗരത്തിലെത്തിയതായി പൊലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടങ്ങിയത്.
നെടുംപൊയിലില്‍ നിന്നും സ്വകാര്യബസിലെത്തിയ വനിതകള്‍ ഒ.വി റോഡിലെ പഴയ ചിത്രവാണി ടാക്കീസിനു സമീപം ബസിറങ്ങിയതായാണ് പൊലിസിന് ലഭിച്ചവിവരം. ഇതോടെ മിനിട്ടുകള്‍ക്കുളളില്‍ നഗരം പൊലിസിന്റെ വലയിലാക്കി. അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി വനത്തില്‍ പൊലിസുമായി ഏറ്റുമുട്ടലിനിടെ പരുക്കേറ്റ വനിതകളിലൊരാള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് നിഗമനം. ഇതോടെ തലശേരി നഗരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു.
ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ടില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന സൂചന പൊലിസിന് ലഭിച്ചത് തലശേരിയില്‍ നിന്നും വാങ്ങിക്കൊണ്ടുപോയ പോത്തിറച്ചിയില്‍ നിന്നാണെന്നാണ് വിവരം. ടൗണിലെ ഒരു ഇറച്ചിക്കടയില്‍ നിന്നാണ് പതിനെട്ടുകിലോ പോത്തിറച്ചി അയ്യന്‍കുന്ന് ഭാഗത്തേക്ക് വാങ്ങിക്കൊണ്ടു പോയത്. ഇതു ശ്രദ്ധയില്‍പ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഇറച്ചി ആയാംകുടി കോളനിക്ക് സമീപംവരെ എത്തിയതായി മനസിലാക്കുകയും ഇവിടെ മാവോയിസ്റ്റുകളുണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രീകരിച്ചുളള ഒരു ഓപറേഷന്‍ തണ്ടര്‍ ബോള്‍ട്ടും പൊലിസും നടത്തിയത്.












Click it and Unblock the Notifications