കാട്ടാനയ്ക്ക് പുറകേ പുലിപ്പേടിയും, അയ്യൻകുന്നിൽ ജനങ്ങൾ ഭീതിയിൽ
ഇരിട്ടി: കാട്ടാനയ്ക്ക് പുറകേ കണ്ണുരിലെ മലയോര മേഖലയിൽ പുലിപ്പേടിയും. കാട്ടാന പള്ളിയിൽ പോവുകയായിരുന്ന യുവാവിനെ ചവുട്ടി കൊന്നതിൻ്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുൻപേ യാ ണ് ഇരിട്ടി മേഖലയിൽ പുലിപ്പേടിയുമുണ്ടായിരിക്കുന്നത്.
അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ മേഖലയിലാണ് പുലി ഇറങ്ങിയതായി അഭ്യുഹമുയർന്നിരിക്കുന്നത് വനമേഖലയിൽനിന്ന് ഏഴുകിലോമീറ്ററോളം മാറി ജനവാസമേഖലയിലാണ് പലതവണയായി നാട്ടുകാരിൽ ചിലർ പുലിയെ കണ്ടതായി പറയുന്നത്.

നാലു ദിവസം മുൻപ് ഇവിടെ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു. കെട്ടിയിട്ട ആടിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയത്. നിരങ്ങൻപാറ മേഖലയിലാണ് കുറച്ചുദിവസങ്ങളായി പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർക്കിടയിൽ സംശയം ഉയർന്നത്. കഴിഞ്ഞദിവസം രാവിലെ നിരങ്ങാംപാറ പുല്ലാനിപ്പറമ്പിൽ കെ.എസ്. സുനിലിൽ വീടിന് സമീപം പുലിയെ അടുത്ത് കണ്ടതായി പറയുന്നു. പെയിൻ്റിങ് തൊഴിലാളിയായ സുനിൽ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോൾ വീടിന് സമീപത്തെ പറമ്പിൽ പുലിയെ കണ്ടതായാണ് പറയുന്നത്
അയ്യൻകുന്ന് മേഖലയിൽ കൃഷിയിടത്തിൽ ഉൾപ്പെടെ പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ കഴിയൂ. പുലിയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പുലിയെന്ന് തോന്നിക്കുന്ന മറ്റെന്തോ ജീവി മേഖലയിൽ ഉള്ളതായി സംശയിക്കുന്നതായും കൊട്ടിയൂർ റെയ്‌ഞ്ചർ സുധീർ നരോത്ത് പറഞ്ഞു. മേഖലയിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിരവധി വീടുകളും ഏക്കറുകളോളം പ്രദേശം കൃഷിയിടവുമാണ്. ഇതിൽ കാടുമൂടികിടക്കുന്ന പ്രദേശങ്ങളും ഏറെയുണ്ട്. ഇവിടെ പുലി ഒളിച്ചിരിക്കുന്നുണ്ടോയെന്ന പേടി നാട്ടുകാരിലുണ്ടാവാൻ കാരണം. ഒറ്റയ്ക്ക് കൃഷിയിടത്തിൽ പോകാനും തീറ്റപ്പുൽ ശേഖരിക്കുന്നതുമൊക്കെ ഇപ്പോൾ പ്രദേശവാസികൾ നിർത്തിയിരിക്കുകയാണ്.
നൂറുമീറ്റർപോലും അകലത്തിലല്ലാതെ വീടിന് മുന്നിലെ പറമ്പിൽ കാണാൻ പറ്റിയതുകൊണ്ടാണ് പുലിതന്നെയെന്ന് ഉറപ്പിച്ചതെന്നാണ് പ്രദേശവാസിയായ കെ.എസ് സുനിൽ പറയുന്നത്.
ആദ്യനോട്ടത്തിൽ അയൽപക്കത്തെ വീട്ടിലെ പൂച്ചയാണെന്നാണ് കരുതിയത്. പിന്നെ വാലും പൊക്കവും കണ്ടപ്പോൾ പൂച്ചയല്ലെന്ന് ഉറപ്പായി. ഭയന്ന് വീട്ടുകാരെ വിളിച്ചതോടെ വളരെ വേഗത്തിൽ താൻ കണ്ട മൃഗം ഓടിപ്പോയെന്നും സുനിൽ പറയുന്നു. നേരത്തെ ചിലരും ഇതേ ജീവിയെയാണ് കണ്ടതെന്നും സുനിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications