തിരുത്തനാവാതെ പാന്‍ കാര്‍ഡിലെ തെറ്റുകള്‍: ബാങ്കിങ് സേവനങ്ങള്‍ക്കായി നെട്ടോട്ടമോടി ഉപഭോക്താക്കള്‍
കണ്ണൂര്‍: പാന്‍ കാര്‍ഡ് നിയമങ്ങള്‍ ലളിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസംബര്‍ 31 നുള്ളില്‍ ഇന്‍ടാക്‌സ് ഓഫ് ഇന്‍ഡ്യയുടെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യണമെന്ന് ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ പേരുവിവരങ്ങള്‍ തിരുത്താന്‍ പറ്റാതെ നിരവധി ഉപഭോക്താക്കള്‍ വലയുകയാണ്. നാലാമത്തെ പ്രാവശ്യമാണ് ഉത്തരവ് നീട്ടി നല്‍കുന്നത്. കാലയളവില്‍ ലിങ്ക് ചെയ്യാതെ വന്നാല്‍ നമ്പര്‍ അസാധുവാക്കപ്പെടുമോ, വീണ്ടും അപേക്ഷിക്കാന്‍ പറ്റുമോ എന്നുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ മുന്‍പെ പാന്‍ കാര്‍ഡ് എടുത്ത നിരവധി പേരുടെ കാര്‍ഡുകളിലാണ് തെറ്റുകളുളളത്. ഇത് തിരുത്താന്‍ ,അപേക്ഷകന്റെ ഇനീഷ്യലിന്റെ മുഴുവന്‍ രൂപവും, തെറ്റായി വന്ന പേരും രേഖപ്പെടുത്തി. ഫോട്ടോ പതിച്ച, അനക്‌സര്‍ എ എന്ന ഡിക്ലേറേഷന്‍ നല്‍കണമെന്നാണ് ചട്ടം. കൂടാതെ അത് നല്‍കുന്ന ഗസ്റ്റഡ് റാങ്കുള്ള ഉദ്യോഗസ്ഥന്റെ സര്‍വീസ് ഐഡി കാര്‍ഡിന്റെ കോപ്പി കൂടി അപേക്ഷയോടൊപ്പം നല്‍കണം. നിരവധി ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും ഉദ്യോഗസ്ഥര്‍ അനക്‌സര്‍ ഒപ്പിട്ടു നല്‍കുന്നില്ല.

അഥവാ നല്‍കിയാല്‍ തന്നെ സര്‍വീസ് ഐഡിയുടെ കോപ്പി നല്‍കാന്‍ പലരും തയാറാവുന്നില്ല. ഇതു കാരണം നിരവധി പേരുടെ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. വിരലടയാളം പതിച്ച് ആധാര്‍ കാര്‍ഡ് എടുത്തിട്ടും, പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ബയോമെട്രിക്ക് തടസങ്ങളില്‍ പെട്ട് നിരവധി പേരാണ് തങ്ങളുടെതല്ലാത്ത കാരണങ്ങളില്‍ വലയുന്നത്. വിരലടയാളം വ്യക്തമായി പതിയാത്തതോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോആണ് ഇതിന് കാരണം.
വിരലടയാളം അപ്‌ഡേറ്റ് ചെയത് കാത്തിരിപ്പിന് ശേഷമാണ് ഇത്തരക്കാര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പറ്റുന്നത്. ആധാറിന്റെ തുടക്കത്തില്‍ സെര്‍വറില്‍ മുഴുവനായി തീയതിരേഖപ്പെടുത്തിയിട്ടും, നിരവധി പേര്‍ക്ക് അനുവദിച്ച ആധാര്‍ കാര്‍ഡില്‍ ജനനവര്‍ഷം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരം മുഴുവന്‍ ജനന തീയതി രേഖപ്പെടുത്തിയ ആധാര്‍ മാത്രമെ പാന്‍കാര്‍ഡിന് സ്വീകരിക്കുന്നുള്ളു, അല്ലെങ്കില്‍ അതേ ജനനവര്‍ഷമുള്ള സ്‌കുള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ആധാര്‍ അതോറിറ്റി ചെയ്ത കുറ്റത്തിന് നെട്ടോട്ടമോടുന്നത് വയോധികര്‍ ഉള്‍പ്പടെയുള്ള നിരവധി പേരാണ്. ഒരാള്‍ക്ക് ഒരു പാന്‍മ്പറാണ് അനുവധിക്കുന്നത്. യാതൊരുവിധ സാമ്പത്തിക ഇടപാടിന് ഉപയോഗിച്ചില്ലെങ്കിലും ഇത് ക്യാന്‍സല്‍ ചെയ്ത് മറ്റൊന്നിന് അപേക്ഷിക്കാന്‍ നിയമം അനുവധിക്കുന്നില്ല.വര്‍ഷങ്ങള്‍ക്ക് മുന്നെ എടുത്ത്, നഷ്ടപ്പെട്ടതും, യാതൊരു വിവരങ്ങളും ലഭിക്കാത്തിനാല്‍ പുതുതായി അപേക്ഷ നല്‍കിയവര്‍ക്ക് നോട്ടീസുകളും അയക്കുന്നുണ്ട്. ടാക്‌സ് വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത് എന്ന് പറയുമ്പോഴും, താഴെ തട്ടിലുള്ള സാധാരണക്കാരാണ് നെട്ടോട്ടമോടുന്നത്. ആധാറിനെ കൂടാതെ വിവിധ ബാങ്കിങ് സേവനങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്.












Click it and Unblock the Notifications