തരിശുനിലത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പെരളശേരി, സോളാര്‍ പ്‌ളാന്റ് മന്ത്രി ഉദ്ഘാടനം ചെയ്യും
തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ പെരളശേരി ഗ്രാമപഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായി. തരിശായിക്കിടന്ന 30 സെന്റ് സ്ഥലത്ത് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകളാണ് സ്ഥാപിച്ചത്. 1500 ചതുരശ്ര മീറ്ററില്‍ 545 വാട്ട് ശേഷിയുള്ള 276 സോളാര്‍ പാനലുകളുണ്ട്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് 11ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വടക്കുമ്പാട് വ്യവസായ എസ്റ്റേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന കേരള ത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ വൈദ്യുതി നിലയമാണിത്. ഈ സോളാര്‍ പവര്‍ പ്ലാന്റില്‍നിന്ന് പ്രതിദിനം ശരാശരി 600 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള അതിനൂതന മോണോ പെര്‍ക്ക് സാങ്കേതികവിദ്യയിലുള്ള സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്.

റുര്‍ബന്‍ പദ്ധതി പ്രകാരം 1.25 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന് കീഴിലുള്ള മറ്റു ഓഫീസുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ഡ് മെംപര്‍ എം.പി സമീര്‍ പറഞ്ഞു.
പഞ്ചായത്തിലെ മുഴുവന്‍ സ്ട്രീറ്റ് ലൈറ്റുകളും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാം. നവകേരള മിഷന്‍ നട പ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍നിന്ന് തെരഞ്ഞെടുത്തപഞ്ചായത്താണ് പെരളശേരി. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പെരളശേരി പഞ്ചായത്തിന്റെ പ്രധാന ചുവടുവയ്പ്പാണിത്.
കെഎസ്ഇബി ഡിപ്പോസിറ്റ് വര്‍ക്ക് ഇനത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലാണ് നടപ്പാക്കിയത്.പരിപാടിയോടൊപ്പം സമ്പൂര്‍ണപ്രഥമശ്രുശ്രൂഷാ പഞ്ചായത്തായി പ്രഖ്യാപനവും ലൈഫ് പദ്ധതിയുടെ താക്കോല്‍ദാനവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.












Click it and Unblock the Notifications