പേരാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് റിമാന്‍ഡില്‍
ഇരിട്ടി: പേരാവൂര്‍ തൊണ്ടിയില്‍ വീട്ടില്‍ നിന്നും വീട്ടമ്മയെ വെട്ടിക്കൊന്ന ഭര്‍ത്താവിനെ പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടിച്ചാത്തന്‍ കണ്ടിയില്‍ ജോണിനെയാ(64)ണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ ശനിയാഴ്ച്ച രാത്രി ഏഴുമണിയോടെ വീടിനടുത്തുളള റബര്‍ തോട്ടത്തില്‍ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പേരാവൂര്‍ പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുട്ടിച്ചാത്താന്‍ കണ്ടിയിലെ മുണ്ടയ്ക്കല്‍ ലില്ലിയാ(60)ണ് കൊല്ലപ്പെട്ടത്. പനി ബാധിച്ചു ആശുപത്രിയിലായിരുന്ന ലില്ലിക്കുട്ടി (60) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോഴാണ് ഇവരെ ഭര്‍ത്താവ് ജോണ്‍ കൊടുവാള്‍ കൊണ്ടു വെട്ടിയത്.

ഇവരുടെ കൂടെയുണ്ടായിരുന്ന മകന്‍ ദിപീഷിന്റെ ഭാര്യാസഹോദരന്‍ ഉളിക്കല്‍ വാരിത്തടത്തില്‍ അനൂപിനെയും(25) വെട്ടിപരുക്കേല്‍പ്പിച്ചു. അനൂപ് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. ശനിയാഴ്ച്ച വൈകുന്നേരം ഡിസ്ചാര്‍ജായി അനൂപിനൊപ്പം കാറില്‍ വീട്ടിലെത്തിയതായിരുന്നു.
കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറുമ്പോഴാണ് ജോണ്‍ ഇവരെ വെട്ടിയത്. ഇതു തടയുന്നതിനിടെയാണ് അനൂപിനും വെട്ടേറ്റത്. പരിഭ്രാന്തനായ ഇയാള്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനു ശേഷം ലില്ലിക്കുട്ടിയെ വീണ്ടും വെട്ടികൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ലില്ലിക്കുട്ടിയെ പേരാവൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോണിനെ വീടിനടുത്തുളള റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് പേരാവൂര്‍ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതകം നടന്ന വീട്ടില്‍ ജോണും ലില്ലിക്കുട്ടിയും മാത്രമാണ് താമസിച്ചിരുന്നത്.
ഇയാള്‍ക്ക് മാനസിക അസ്വസ്ഥതയുളളതായി പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ദീപ്തി(യു.കെ) ദിപീഷ്(കുവൈത്ത് ) എന്നിവരാണ് മക്കള്‍. സംസ്‌കാരം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications