ഇടതുസര്‍ക്കാരിന്റെ മുഖമുദ്ര കെടുകാര്യസ്ഥതയെന്ന് വിഡി സതീശന്‍
കണ്ണൂര്‍: കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് നേതൃത്വ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ദുര്‍ഭരണം കാരണം കേരളത്തിലെ ജനങ്ങളാകെ ദുരിതത്തിലാണ്. ഖജനാവില്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ആര്‍ഭാടത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ഇതുപോലൊരു നാണം കെട്ട ഒരു ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ല. ഒരു ഏകാധിപതിയെ പോലെയാണ് പിണറായി പെരുമാറുന്നത്. അദ്ദേഹത്തിന് ഭയമാണ്. തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ ആരെങ്കിലും ആക്രമിക്കാന്‍ വരുമോ എന്ന സന്ദേഹമാണ് അദ്ദേഹത്തിനുള്ളത്.
ഈ ഭയപാടാണ് അദ്ദേഹത്തെ ഏകാധിപതിയാക്കിയതെന്നും സതീശന്‍ പറഞ്ഞു. ഡമോക്ലീസിന്റെ വാളുപോലെ ഭരണാധികാരിയുടെതലക്ക് മുകളില്‍ അഴിമതിയുടെ വാള്‍ തൂങ്ങികിടക്കുകയാണ്, എത്ര അഴിമതികളാണ് അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരിക്കുന്നത്. സ്വര്‍ണകള്ളക്കടത്ത്, ലൈഫ് ഭവന പദ്ധതി, കാലാവധി കഴിഞ്ഞ മരുന്ന് ഇടപാട്, എഐ ക്യാമറ കെ ഫോണ്‍ പദ്ധതി, മാത്രമല്ല അദ്ദേഹത്തിന്റെ മാന്ത്രിക പെട്ടിയില്‍ ഒഴുകിയെത്തുന്നത് കോടികളാണ്. ഏത് ഇടപാട് നടന്നാലും അദ്ദേഹത്തിന്റെ മാന്ത്രിക പെട്ടിയിലേക്ക് പണം ഒഴുകിയെത്തും- സതീശന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്. എല്ലാ മേഖലയും തകര്‍ന്നു തരിപ്പണമായി. കെ എസ് ഇബിക്ക് കടം 40,000 കോടിയാണ്.കെഎസ്ആര്‍ടിസിയെ നശിപ്പിച്ചു, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതായി. സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചതിന്റെ തുക സര്‍ക്കാര്‍ നല്‍കിയില്ല. സവില്‍സപ്ലൈസില്‍ അവശ്യ സാധനങ്ങള്‍ കിട്ടാകനിയായി. ഏത് വിധേനയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് പിണറായി സര്‍ക്കാരിനുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.
നമ്മള്‍ ഒരു മഹായുദ്ധത്തിനാണ് പോകുന്നത്. ഈ യുദ്ധത്തിന് പോകുമ്പോള്‍ മുന്നണിയിലുണ്ടാവുക കാലാള്‍ പടയാണ്. ഈ പട ഒറ്റകെട്ടായി നിന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും ചിതറി പോകുന്ന സേനയുമായി മുന്നോട്ടു പോയാല്‍ തിരിച്ചടിയുണ്ടാകും. ഇക്കാര്യം നമ്മള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൈന്യത്തെയാണ് നമുക്ക് ആവശ്യം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന ലോക്കല്‍ബോഡി തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്.
അതിന് വേണ്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഞാനും കെപിസിസി ഭാരവാഹികളും ജില്ലകള്‍ തോറും പര്യടനം നടത്തി പ്രവര്‍ത്തകരെയും നേതാക്കളെയും സജ്ജരാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതമാകണമെങ്കില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. നേതാക്കളും പ്രവര്‍ത്തകരും ഒരു ലക്ഷ്യത്തോടെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications