സമ്മതിദാനവകാശം വിനിയോഗിച്ച് നേതാക്കള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും വോട്ട് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊടും ചൂടിനെ അവഗണിച്ചു വോട്ടിങ്ങില്‍ ജനകീയാവേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെയുള്ള പ്രമുഖര്‍ സ്വന്തം നാട്ടിലെ ബൂത്തുകളിലെത്തി വോട്ടു ചെയ്തു. പിണറായി ആര്‍സി അമല സ്‌കുളിലെത്തിയാണ് പിണറായി വിജയന്‍ ഭാര്യ കമല കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമെത്തിയത്. പിണറായി പാണ്ട്യാല മുക്കില്‍ നിന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.
വോട്ടു ചെയ്തതിനു ശേഷം ആര്‍.സി അമല സ്‌കുളില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വോട്ടര്‍മാരോട് കുശലം പറഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പിനെ കുറിച്ചും സമകാലിക രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചതിനു ശേഷമാണ് മടങ്ങിയത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാറാല്‍ എല്‍.പി സ്‌കൂളിലെ 103 - നമ്പര്‍ ബൂത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി.

രാജ്യത്തെ നിലനിര്‍ത്താനുള്ള നിര്‍ണായകമായ തെരഞ്ഞടുപ്പാണ് ഇതെന്ന് സ്പീക്കര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വോട്ടുചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തലശേരി ചിന്തിക്കുന്നതു പോലെ വടകര ചിന്തിക്കുമെന്നും വടകര ചിന്തിക്കുന്നതു പോലെ കേരളം ചിന്തിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
കടന്നപ്പളളി ചെറുവിച്ചേരി ഗവ. എല്‍.പി സ്‌കൂളിലെ ബൂത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി വോട്ടു ചെയ്തു. ഇടതു പക്ഷം വന്‍വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മേലെചൊവ്വ ധര്‍മസമാജം യു.പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം.വി ഗോവിന്ദന്‍ മൊറാഴ സി. എച്ച് കമ്മാരന്‍ സ്മാരക യൂ.പി സ്‌കൂളിലെ നൂറ്റി എട്ടാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തു. കെ.പി മോഹനന്‍ എം. എല്‍. എ പുത്തൂര്‍ എല്‍.പി സ്‌കൂളിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍അരോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്‍പത്തിയൊന്നാം നമ്പര്‍ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മാനഭന്‍ അഴീക്കോട് അക്ളിയത്ത് എല്‍.പി സ്‌കൂളിലും ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടി പളളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂളിലും വോട്ടുരേഖപ്പെടുത്തി.
സി.പി സന്തോഷ് കുമാര്‍ എം. പി കണ്ണൂര്‍ മണ്ഡലത്തിലെ 65-നമ്പര്‍ ബൂത്തായ തുഞ്ചത്താചാര്യ നഴ്സറി സ്‌കൂളില്‍ വോട്ടു ചെയ്തു. കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ചൊവ്വ ഹൈസ്‌കൂളിലെ 97-നമ്പര്‍ ബൂത്തില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി. അതിരാവിലെ മുതല്‍ കണ്ണൂരിലെ പോളിങ് ബൂത്തുകള്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചചൂടോടെ അല്‍പംകുറഞ്ഞുവെങ്കിലും വെയില്‍ ചാഞ്ഞപ്പോള്‍ വോട്ടര്‍മാരുടെ ക്യൂവിന്റെ നീളം കൂടി.പോളിങ് സ്റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ക്ക് തണല്‍ ഇടങ്ങളും കുടിവെളളവും വൈദ്യസഹായവും ഏര്‍പ്പെടുത്തിയിരുന്നു. കനത്ത പൊലിസ് സുരക്ഷയോടെയാണ് പോളിങ് പുരോഗമിച്ചത്.
കണ്ണൂര്‍ ജില്ലയിലെ മുന്നൂറിലെറെ വരുന്ന പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ എട്ടുമണിക്ക് ഭാര്യ കമലാവിജയന്‍, മകള്‍ വീണാതായ്ക്കണ്ടി എന്നിവരോടൊപ്പം പിണറായിപാണ്ട്യാല മുക്കിലെ വീട്ടില്‍ നിന്നും നടന്നാണ് പിണറായിടൗണിലെ ആര്‍.സി അമല സ്‌കൂള്‍ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്. അല്‍പനേരം ക്യൂവില്‍ നിന്നാണ് മുഖ്യമന്ത്രിയും കുടുംബവും ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ ഭാര്യ പി.കെ ശ്യാമളയുമൊന്നിച്ചാണ് മൊറാഴയിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്. ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കളും സകുടുംബമാണ് വോട്ടിങ്ങിനായി എത്തിയത്.












Click it and Unblock the Notifications