ഡെപ്യൂട്ടി മേയര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി പികെ രാഗേഷ്
കണ്ണൂര്‍: കോര്‍പറേഷന്‍ ഹാളില്‍ മുന്‍ മേയറും ഡെപ്യൂട്ടി മേയറും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനം തടസപെടുത്തി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് വിമത നേതാവുമായ പികെ രാഗേഷ്. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.
മുന്‍ മേയര്‍ ടി.ഒ മോഹനനും ഡെപ്യൂട്ടി മേയറും മേയറുടെ താല്‍ക്കാലിക ചുമതലയുമുളള ഷബീനയും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് അലങ്കോലമായത്. കണ്ണൂര്‍കോര്‍പറേഷനെതിരെ കഴിഞ്ഞ ദിവസം സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് സ്ഥാനമൊഴിഞ്ഞ മേയര്‍ ടി.ഒ മോഹനന്റെ നേതൃത്വത്തില്‍ അടിയന്തിര വാര്‍ത്താസമ്മേളനം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ഇതിനിടെ ഇവിടേക്ക് കടന്നുവന്ന പി.കെരാഗേഷ് നഗരസഭയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്നനിലയില്‍ തനിക്കും പങ്കെടുക്കാന്‍ അവകാശമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ മേയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് പികെ രാഗേഷ് ഇടപെട്ടത്. തൊട്ടടുത്തുണ്ടായിരുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ പി.കെ രാഗേഷിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. രാഷ്ട്രീയ ആരോപണങ്ങള്‍ക്കു മറുപടി പറയാനാണെങ്കില്‍ യു.ഡി. എഫ് വേദിയിലാണ് വാര്‍ത്താസമ്മേളനം വിളിക്കേണ്ടതെന്നും പി.കെ രാഗേഷ് ആവശ്യപ്പെട്ടു. ഇതിനിടെയില്‍ ബഹളം വര്‍ധിച്ചതോടെയാണ് ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതായി അറിയിച്ചത്. ഇതിനു ശേഷം പി.കെ രാഗേഷുമായി സംസാരിക്കാന്‍ നീക്കാതെ മുന്‍മേയറോടൊപ്പം വന്നവര്‍ ഹാളില്‍ നിന്നും പുറത്തുപോവുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷമൊഴിവായത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കോര്‍പറേഷനിലെ പടന്നപ്പാലത്ത് മലിനീകരണ പ്‌ളാന്റ് ഉദ്ഘാടനം ചെയ്തു മന്ത്രി എം.ബി രാജേഷ് പോയതിനു ശേഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ നോട്ടീസില്‍ തന്റെ പേരുണ്ടെന്നും പ്രസംഗിക്കാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു മുന്‍ മേയറുടെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങാന്‍ പി.കെ രാഗേഷ് ശ്രമിച്ചിരുന്നു. ഇതോടെ ടി.ഒ മോഹനനില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങാനുളള ശ്രമം കൈയ്യാങ്കളിക്കിടയാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെടുകയും സംഘര്‍ഷമൊഴിവാകുകയുമായിരുന്നു.












Click it and Unblock the Notifications