പാർട്ടിയെ ശത്രുക്കൾക്ക് മുൻപിൽ കൊത്തിവലിക്കാൻ ഇട്ടു കൊടുക്കരുത്; പിവി അൻവറിനെതിരെ പികെ ശ്രീമതി
കണ്ണൂർ : പിവി അൻവർ വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. നേതാക്കളായാലും അനുഭാവികളായാലും ശത്രുക്കൾക്ക് പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടു കൊടുക്കരുതെന്ന് പികെ ശ്രീമതി പറഞ്ഞു.കണ്ണൂർ പയ്യാമ്പലത്ത് അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
'അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട്. അന്‍വറിന്‍റെ ആരോപണങ്ങളില്‍.മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങാത്തതെന്താണ്.വലതുപക്ഷ രാഷ്ട്രീയക്കാരും വർഗീയത ഇളക്കിവിടുന്നവരും മാധ്യമങ്ങളും കൂടിചേർന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാം എന്ന ലക്ഷ്യമാണ് ഇന്നും കൊണ്ടുനടക്കുന്നത്. അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ പറഞ്ഞത് ശരിയല്ല , യാഥാർഥ്യം ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു വെന്നും ശ്രീമതി വ്യക്തമാക്കി.

നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിരുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അന്വേഷിച്ച് സാവകാശം തരാതെ മാധ്യമങ്ങൾ നടത്തുന്നത് ഭീകരത തന്നെയാണ്. ഇത്തരത്തിലുള്ള ഈ മാധ്യമ ഭീകരത കേരളത്തിൽ അല്ലാതെ വേറെ സംസ്ഥാനങ്ങളിൽ ഒന്നുമില്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പാടില്ല എന്ന ചിന്തയാണ് ഇവർക്കുള്ളത്. ജനക്ഷേമ പ്രവർത്തനങ്ങളുമായി നവകേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ അതിനു തടസം നിൽക്കുകയാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പികെ ശ്രീമതി പറഞ്ഞു. പയ്യാമ്പലത്തെ അഴിക്കോടൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, വി.ശിവദാസൻ് എം.പി, എം. പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications