പ്ളസ് വൺ രണ്ടാം ഘട്ട അലോട്ട്മെൻ്റ്:കണ്ണൂരിൽ പുറത്തായത് പതിനായിരത്തിലേറെ വിദ്യാർത്ഥികൾ
തലശേരി: പ്ലസ് വൺ ഏകജാലക പ്രവേശത്തിനായി രണ്ടാം അലോട്ട്‌മെന്‍റ് പ്രസിദീകരിച്ചപ്പോള്‍ കണ്ണുർ ജില്ലയിൽ സീറ്റ് ലഭിക്കാതെ പതിനായിരത്തിലധികം വിദ്യാർഥികളാണ് പുറത്തായത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുള്‍ എ പ്ലസ് വാങ്ങിച്ചിട്ടും പലർക്കും ഇഷ്ടവിഷയം ലഭിച്ചില്ല. ഇത്തവണ ജില്ലയിലെ ഹയര്‍സെക്കൻഡറി സീറ്റുകളേക്കാള്‍ ഇരട്ടി വിദ്യാര്‍ഥികളായിരുന്നു പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇത്രയും അപേക്ഷകര്‍ക്ക് നല്‍കാനുള്ള സീറ്റുകള്‍ നിലവിൽ ജില്ലയിലില്ല.

ആകെ 25406 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. 37289 പേരാണ് ഇത്തവണ ഏകജാലക സംവിധാനം വഴി സീറ്റുകള്‍ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 18517 പേര്‍ ആദ്യ അലോട്ട്മെന്‍റില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. രണ്ടാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ 6868 വിദ്യാര്‍ഥികള്‍ക്ക് കൂടി സീറ്റ് ലഭിച്ചു. എന്നാല്‍ 11,904 വിദ്യാര്‍ഥികള്‍ ഇപ്പോഴും പുറത്താണ്. കൂടുതല്‍ ബാച്ച് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയതതോടെ വിദ്യാർഥികൾ ആശങ്കയിലാണ്. 5114 വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ 21 സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് സീറ്റുകള്‍ ലഭിക്കാതെ സമാന്തരകോളജുകളെയും ഓപ്പണ്‍ സംവിധാനത്തെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
നിലവിലെ പ്ലസ് വണ്‍ സീറ്റുകളില്‍ 13,200 സയന്‍സ്, 9050 കൊമേഴ്‌സ്, 5800 ഹ്യുമാനിറ്റീസ് എന്നിങ്ങനെയാണ് സീറ്റുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചാലും ജില്ലയിലെ സീറ്റ് ക്ഷാമം പരിഹരിക്കപ്പെടില്ലെന്നാണ് നിലവിലെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ 20 ശതമാനം സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ 5100 സീറ്റുകളാണ് ജില്ലയില്‍ വര്‍ധിക്കുക. അപ്പോഴും ആറായിരത്തിലധികം അപേക്ഷകര്‍ക്ക് ജില്ലയില്‍ സീറ്റ് നല്‍കാന്‍ സാധിക്കില്ല. 20 ശതമാനം വർധനവ് വരുമ്പോള്‍ ഒരു ക്ലാസില്‍ തന്നെ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടിയും വരും. കോവിഡ് പ്രതിസന്ധി നിലനിൽകുന്ന സാഹചര്യത്തിൽ ഒരു ക്ലാസില്‍ ഇത്രയും വിദ്യാര്‍ഥികളെ ഇരുത്തി എങ്ങനെ അധ്യായനം സാധ്യമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
എസ്എസ്എല്‍സി വിജയ ശതമാനത്തില്‍ റെക്കോര്‍ഡ് നേട്ടമായിരുന്നു ഇത്തവണ കണ്ണൂരില്‍. പരീക്ഷ എഴുതിയ 34481 വിദ്യാര്‍ത്ഥികളായിരുന്നു ഉപരിപഠന യോഗ്യത നേടിയത്. ഇതില്‍ 11816 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസും കരസ്ഥമാക്കി. ജില്ലയിലെ സീറ്റുകളുടെ ക്ഷാമം കാരണം എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ പേര്‍ക്ക് പോലും സീറ്റ് നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനു പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ വിജയികളും ഗള്‍ഫില്‍ നിന്നുള്ളവരും പ്ലസ് വണ്ണിന് ജില്ലയില്‍ അപേക്ഷിച്ചിട്ടുണ്ട്.
Recommended Video
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം ജില്ലയിലെ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ബാച്ചുകൾ വർധിക്കണമെന്നാവശ്യപെട്ട് വിദ്യാർഥി സംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി സർക്കാർ ആ ആവശ്യം തള്ളുകയായിരുന്നു. സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ അധ്യാപകരുടെ ജോലി ഇരട്ടിയാകാനുള്ള സാധ്യതയും ഉണ്ട്. നിലവില്‍ ഒരു സ്‌കൂളില്‍ തന്നെ അറുപതിലധികം വിദ്യാര്‍ഥികളുണ്ട്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുകയണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അതിന്‍റെ പ്രയാസമനുഭവപ്പെട്ടില്ല. ക്ലാസുകള്‍ ഓഫ്‌ലൈനാകുമ്പോള്‍ ഇത്രയും വിദ്യാര്‍ഥികളെ ഒരു ക്ലാസില്‍ ഇരുത്തി പഠനം ആരംഭിക്കുന്നത് കുട്ടികളുടെ പഠന നിലവാരത്തെയും ബാധിക്കും. അതിനാല്‍ കാലാകാലങ്ങളായി നടത്തുന്ന സീറ്റ് വര്‍ധനവിന് പകരം പുതിയ ബാച്ചുകള്‍ അനുവദിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.പ്ളസ് വൺ സീറ്റ് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഉൾപ്പെടെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധ സമരം നടത്തിയിരുന്നു












Click it and Unblock the Notifications