കണ്ണൂരിൽ സിപിഎമ്മിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കി ഷാജിയുടെ മരണം; ഇടപെട്ട് നേതൃത്വം
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നിൽക്കെ ഉണ്ടായ മറ്റൊരു വിവാദം സിപിഎമ്മിനെ കണ്ണൂരില്‍ പ്രതിരോധത്തിലാക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല യൂനിയന്‍ കലോത്‌സവത്തില്‍ കാഴ ആരോപണം നേരിട്ടു എസ്എഫ്ഐ പ്രവര്‍ത്തകരുടെ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായ കണ്ണൂര്‍ ചൊവ്വ സൗത്തിലെ സഹദേവന്റെ മകന്‍ ഷാജി പൂത്തട്ട (പിഎന്‍ ഷാജി 51) ജീവനൊടുക്കിയ സംഭവത്തിലാണ് സിപിഎം രാഷ്ട്രീയ പ്രതിരോധത്തിലായത്.
ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കെഎസ്‍യുവും രംഗത്തുവന്നതോടെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തില്‍ നിന്നുയര്‍ന്നത്.എസ്എഫ്ഐയ്‌ക്കെതിരെയുളള ജനരോഷത്തിന്റെ മഞ്ഞുരുക്കുന്നതിനയി ഷാജിയുടെ താഴെചൊവ്വ സൗത്ത് റെയില്‍വെ സ്‌റ്റേഷനു സമീപമുളള വീട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതിയും ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷ് വ്യാഴാഴ്ച്ച ഉച്ചയോടെ സന്ദര്‍ശിച്ചു.

ഷാജിയുടെ അമ്മ ലളിത പൂത്തട്ടയെ സിപിഎം നേതാക്കളെത്തി ആശ്വസിപ്പിക്കുകയായിരുന്നു. കലോത്‌സവ സംഘാടക സമിതിക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയാണ് പോലീസിന് കൈമാറിയതെന്നും കെ സുധാകരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും പികെ ശ്രീമതി ഇതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാടടച്ച് വെടിവയ്ക്കുന്നത് സുധാകരന്റെ സ്ഥിരം ശൈലിയാണ്. ഷാജിയുടെ മരണത്തില്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്നും പികെ ശ്രീമതി പറഞ്ഞു. പോലീസ് നടത്തുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നു സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷും പറഞ്ഞു.
എന്നാല്‍ ഷാജിയെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന ആരോപണത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. നീതിക്കായി സിദ്ധാര്‍ത്ഥിന്റെ കുടുംബം ഗവര്‍ണറെ സമീപിക്കുകയും വിസിയെ ഉള്‍പ്പെടെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ പ്രതീക്ഷയിലാണ് നീതി നേടി ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കാന്‍ ഷാജിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഷാജിയുടെ ആത്മഹത്യ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. കണ്ണൂരില്‍ പ്രചരണരംഗത്ത് ഏറെ മുന്നേറിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇതുതിരിച്ചടിയാകുമോയെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications