പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍
തളിപറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ പോക്‌സോ കേസിലെ പ്രതിയായ മുന്‍ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയത് വിവാദമാകുന്നു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ സഹകരണ മേഖലയിലെ ജീവനക്കാരനാണ് ജീവനൊടുക്കിയത്.
പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച പോക്‌സോ കേസിലെ രണ്ടാം പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ാണ് വ്യാഴാഴ്ച്ച രാവിലെ തൂങ്ങി മരിച്ചനിലയില്‍ നിലയില്‍ കണ്ടെത്തിയത്. തളിപ്പറന് മുയ്യം സ്വദേശി അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി രമേശന്‍ റിമാന്‍ഡിലാണ് പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് തളിപറമ്പ് പൊലിസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ രമേശനെ പിടികൂടി പൊലി സില്‍ ഏല്‍പിക്കുകയായിരുന്നു.
തളിപറമ്പിലെ പാര്‍ട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പീഢനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരില്‍ ചിലര്‍ രമേശനെ തന്ത്രപരമായി മുയ്യത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തുകയായിരുന്നു.
രമേശന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അനീഷും സ്ഥലത്തെത്തിയത്. എന്നാല്‍ രമേശനെവിദ്യാര്‍ത്ഥികളും നാട്ടുകാരും കൈയ്യേറ്റം ചെയ്യുന്നതു കണ്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. അനീഷിനെ രണ്ടാം പ്രതിയാക്കിയാണ് പൊലിസ് കേസെടുത്തത്. ഇയാള്‍ക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോഴിക്കോടു തൊണ്ടയാട് നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.












Click it and Unblock the Notifications