കേരളത്തില്‍ പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നു: സംസ്ഥാന വനിതാ കമ്മീഷൻ
തലശ്ശേരി: കേരളത്തില്‍ പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി സതീദേവി. തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌സംസാരിക്കുകയായിരുന്നു സതീദേവി. വീടുകള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുന്നത്. ഈ സാഹചര്യം മാറണമെന്നും സതീദേവി പറഞ്ഞു. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എരഞ്ഞോളി പഞ്ചായത്തില്‍ വനിതകള്‍ക്കായി ആരംഭിച്ച സൈക്കിള്‍ പരിശീലനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍.

''വീടുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും തുല്യരായല്ല വീക്ഷിക്കുന്നത്. വീട്ടിനുള്ളില്‍ പെണ്‍കുട്ടികള്‍ ചൂക്ഷണത്തിന് ഇരയാകുന്നുണ്ട്. ഇത് ആത്മപരിശോധന നടത്തണം. സമഭാവനയോടു കൂടി കുട്ടികളെ വളര്‍ത്തണം. സര്‍വ്വം സഹിക്കുന്നവളായി സ്ത്രീകളെ മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണം. പെണ്‍കുട്ടികളെ ഉയര്‍ത്തി കൊണ്ടുവരുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം''. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്ല ഇടപെടല്‍ നടത്തണമെന്ന് സതീദേവി പറഞ്ഞു.
കതിരൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് എരഞ്ഞോളി സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സൈക്കിള്‍ പരിശീലനം ആരംഭിച്ചത്.തലശേരി എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന പരിശീലന പരിപാടിയില്‍ എം പി ശ്രീഷ അധ്യക്ഷയായി. ശ്രീജിത്ത് ചോയന്‍, പ്രൊഫസര്‍ വി ഐ ബീന, പി ബിജു, രാജക്കുറുപ്പ്, മിസ്രിയ, ആര്‍ സി സംഗീത , പി എം ഹേമലത എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications