പയ്യന്നൂരില്‍ കോടതി ഉത്തരവ് ലംഘിച്ച് വീട്ടുമതില്‍ പൊളിച്ച നാലുപേര്‍ അറസ്റ്റില്‍
സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ടു മുരളീപള്ളത്ത് ഏതാനും പേര്‍ക്കായി കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി.

പയ്യന്നൂര്‍: പയ്യന്നൂരില്‍ റോഡുവികസനത്തിന്റെ ഭാഗമായി ഹൈക്കോടതി ഉത്തരവ് ലംഘിച്ചു മതില്‍ പൊളിച്ച കേസില്‍ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കോറോം മുതിയലത്തെ റിട്ട.കേണല്‍ പത്മനാഭന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലിസ് കൂര്‍ക്കരയിലെ പി.രവീന്ദ്രന്‍, മുതിയലം സ്വദേശികളായ എം. ശശി, എം.കെ ഉണ്ണികൃഷ്ണന്‍, കാനായി കാനത്തെ പി. ഗംഗാധരന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പയ്യന്നൂര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ പെരുമ്പ മുതല്‍ മണിയറ വഴി മാതമംഗലംവരെ നിലവിലുളള എട്ടുമീറ്റര്‍ റോഡ് പന്ത്രണ്ടു മീറ്ററായി വികസിപ്പിക്കുന്നതിനുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അന്‍പതോളം സ്ഥല ഉടമകള്‍ കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയിരുന്നു.
എന്നാല്‍ സ്ഥലം ഉടമകളുടെ അനുമതിയില്ലാതെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പരാതിക്കാരന്റെതുള്‍പ്പെടെ ചിലരുടെ വീട്ടുമതിലുകള്‍ കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ചു സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ റിട്ട.കേണല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉടമകള്‍ക്കായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത ഹൈക്കോടതി അഭിഭാഷകന്റെ വീടാക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുംബൈക്കും അടിച്ചു തകര്‍ത്തത്. ഈ സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുളളത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുളളത്. പെരുമ്പ-കാനായി-മണിയറ-മാതമംഗലം റോഡിനായി വീട്ടുടമകള്‍ സ്വമേധയാ സ്ഥലം വിട്ടുകൊടുക്കണമെന്നായിരുന്നു അക്രമം നടത്തിയവരുടെ ആവശ്യം.
എന്നാല്‍ സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ടു മുരളീപള്ളത്ത് ഏതാനും പേര്‍ക്കായി കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി. കഴിഞ്ഞ ദിവസം കേണല്‍ പത്മനാഭന്റെ അടക്കമുള്ളവരുടെ മതില്‍ പൊളിക്കുന്നത് തടയാനും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ മുരളി ശ്രമിച്ചിരുന്നു.
സംഭവദിവസം രാത്രി പത്തുമണിക്ക് ഭാര്യയോടൊപ്പം എര്‍ണാകുളത്തേക്ക് പോയ മുരളിയുടെ വീട്ടില്‍ മകന്‍ അഭിരാം മാത്രമേയുണ്ടായിരുന്നുളളൂ. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്നു സിപിഎം കോറോം വെസ്റ്റ് ലോക്കല്‍കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications