പാര്‍ട്ടി പത്രത്തിന്റെ ലേഖകന് പോലീസിന്റെ അടിയും ഇടിയും അസഭ്യവര്‍ഷവും: നടപടിയുണ്ടാകും
മട്ടന്നൂര്‍: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ജീവനക്കാരനെ പരസ്യമായി റോഡിലിട്ട് കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് വകുപ്പ് അന്വേഷണമാരംഭിച്ചത്.
സ്വന്തം പാര്‍ട്ടിയുടെ പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ഭരിക്കുന്ന പൊലിസ് തനിക്കെതിരെ അതിക്രൂരമായ മര്‍ദ്ദനം അഴിച്ചു വിട്ടും കള്ളക്കേസെടുത്ത് പീഡിപ്പിച്ചുവെന്ന ദേശാഭിമാനി ലേഖകന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലാണ് വിവാദമായത്.

പോലീസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മട്ടന്നൂര്‍ ദേശാഭിമാനി ലേഖകന്‍ ശരത് പുതുക്കുടി ഉള്‍പെടെ നാല്‍പതുപേര്‍ക്കെതിരെയാണ് മട്ടന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്. പൊലിസ് മര്‍ദ്ദനമേറ്റ ശരത് കണ്ണൂര്‍ എകെ ജിആശുപത്രിയില്‍ ചികിത്സയിലാണ്.
മട്ടന്നൂര്‍ പൊലീസിനെതിരെ പരാതിയുമായി ദേശാഭിമാനി ലേഖകന്‍ ശരത് പുതുക്കുടി ഫെയ്‌സ്ബുക്ക് വിമര്‍ശനവുമായി രംഗത്ത് വന്നത് ഏറെ വിവാദമായിട്ടുണ്ട്. മട്ടന്നൂര്‍ പോളിടെക്‌നിക്ക് കോളേജ് ഇലക്ഷന്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ തന്നെപൊലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് ശരത്തിന്റെ ആരോപണം.
വര്‍ഷങ്ങളായി പാര്‍ട്ടി മുഖപത്രത്തിന്റെമട്ടന്നൂര്‍ ഏരിയാ ലേഖകനാണ് ശരത്. മട്ടന്നൂര്‍ പോളിടെക്നിക് കോളേജ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവമെന്ന് ശരത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു
വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ നേരിയ സംഘര്‍ഷത്തിലേക്ക് പൊലീസ് കടന്നുകയറിയ ഇടത്താണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ശരത് പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസുകാര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ശരത് ആരോപിച്ചു.
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തന്നെ മര്‍ദിച്ചതെന്നും ശരത് പറയുന്നു. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്നും ശരത് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ ആക്രമണം തുടര്‍ന്നു. സ്റ്റേഷന് മുന്നില്‍ പാര്‍ട്ടി സഖാക്കള്‍ ഇടിവണ്ടി തടഞ്ഞ് ഞങ്ങളെ പുറത്തിറക്കിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശരത് വ്യക്തമാക്കി.
പൊലിസ് മര്‍ദ്ദനത്തിനെതിരെ സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയും വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഏരിയാ നേതൃത്വത്തിന്റെ ആവശ്യം. തനിക്കെതിരെ നടന്ന അക്രമത്തിന്റെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടെ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ശരത്തിന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications