കക്കൂസ് മാലിന്യം തളളാനെത്തിയവരെ തടഞ്ഞവര്‍ക്കെതിരെ പൊലിസ് കേസ്, പ്രതിഷേധം ശക്തം
തലശേരി: താഴെചൊവ്വ കീഴുത്തളളിയില്‍ കക്കൂസ് മാലിന്യം തളളാനെത്തിയവരെ തടഞ്ഞുവെച്ച കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ പൊലിസ് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാലിന്യം തളളുന്നവരെ തടഞ്ഞുവെച്ച കോര്‍പറേഷന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ധനേഷ് മോഹന്‍, നാട്ടുകാരായ ഷാരോണ്‍, നവാസ് എന്നിവര്‍ക്കും മറ്റു ഏഴപേര്‍ക്കെതിരെയുമാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്.
കണ്ണോത്തുംചാലിലെ താഴത്ത് ഹൗസില്‍ ബഹനാസിനെ (36) അക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ബഹനാസ് മാലിന്യം തളളാനെത്തിയ സംഘത്തില്‍പ്പെട്ട ആളാണെന്നും മാലിന്യം എത്തിച്ച ആളാണെന്നും മാലിന്യം എത്തിച്ച ടാങ്കര്‍ ലോറി ഇയാളുടെതാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കണ്ണോത്തും ചാലിലെ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കീഴുത്തളളിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ പരാതി.

ശനിയാഴ്ച്ച അര്‍ധരാത്രിയായിരുന്നു കീഴുത്തളളി ബീവ്റേജ്സ് ഔട്ട് ലെറ്റിനു സമീപം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം തളളിയത്. പ്രദേശവാസിയായ ഷാരോണിന് ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ കുത്തേറ്റിരുന്നു. മൂന്നുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലിസിനു കൈമാറിയിരുന്നുവെങ്കിലും ബഹനാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. ഇനിയും മാലിന്യവണ്ടികള്‍ തടയുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ധനേഷ് മോഹന്‍ മുന്നറിയിപ്പു നല്‍കി.
. ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തളളുന്നതിനാല്‍ കിണറുകളിലെ വെളളം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതിനെതിര ഈ പ്രദേശത്ത് നാട്ടുകാരുടെ സഹകരണത്തോടെ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തിച്ചുവരികയാണ്. ഈ സംഘത്തിനു നേരെയാണ് മാലിന്യം തളളാനെത്തിയവര്‍ അക്രമം നടത്തിയതെന്നും കൗണ്‍സിലര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗമാണ് ധനേഷ് മോഹന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനൊണ് ഷാരോണ്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഒടി നിതിന്‍, വിനീഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാലിന്യം തളളുന്നവരെ തടഞ്ഞത്. പ്രദേശത്ത് ഇനിയും മാലിന്യം തളളുന്നത് തുടര്‍ന്നാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications