പിടിയിലായ ലിവിങ് ടുഗതർ പങ്കാളികൾ റിമാൻഡിൽ: വൻമയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് പൊലിസ്
ഇരിട്ടി: ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുന്നതിനിടെ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ അറസ്റ്റിലായ ലിവിങ്ങ് ടുഗതർ പങ്കാളികൾ വൻ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്നതായി പൊലിസ്. ഇവരെ വടകര ആൻഡി നർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളുടെ മൊബെൽ ഫോണിൽ നിന്നും മൊത്തകച്ചവടക്കാരുടെയും ചില്ലറ വിൽപ്പനക്കാരുടെയും മൊബെൽ ഫോൺ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.

ബംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസും ചേർന്ന് പിടികൂടുകായിരുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ ഖാത്തൂൻ (30) എന്നിവരാണ് പിടിയിലായത്.
പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തിവരുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തു സംഘത്തില്‍പ്പെട്ട ഇരുവരും പിടിയിലാകുന്നത്. പ്രതികള്‍ പയ്യാമ്പലത്ത് ഫ്ലാറ്റില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരുകയാണ്. കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉള്‍പ്പെടെ ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തിവരുകയായിരുന്നു.
ഇവരെക്കുറിച്ച് നേരത്തെതന്നെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കീഴിലുള്ള മയക്കുമരുന്ന് സ്ക്വാഡായ ഡാൻസ്ഫിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. ഇരുവർക്കുമായി പല റൂട്ടുകളിലും പൊലീസ് വലവിരിച്ചെങ്കിലും നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവില്‍നിന്ന് എംഡിഎം.എയുമായി വരുന്ന വഴി മൊബൈല്‍ ഫോണ്‍ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്.
ഇതിനിടെയിൽ ബെംഗളൂരു, മൈസുരു എന്നിവടങ്ങളിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതിനെതിരെ വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു. ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അതിർത്തിയിലൂടെയുടെ ലഹരി കടത്ത് തടയുന്നതിനായി എക്സൈസും റെയ്ഡ് ശക്തമാക്കും.












Click it and Unblock the Notifications